തിങ്കളാഴ്‌ച, ജൂലൈ 25, 2011

'ഗുരുദക്ഷിണ'

കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് പ്രതി, ചെയ്ത കുറ്റമെന്താണെന്നറിയേണ്ടേ? സ്വന്തം ശിഷ്യകളുടെ കുളിസീന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി... അടുത്ത കുളിമുറിയില്‍ ഒളിച്ചിരുന്ന് വളരെ ബുദ്ധിമുട്ടിയാണ് അധ്യാപകന്‍ ശിഷ്യകളുടെ കുളിസീന്‍ റെക്കോഡ് ചെയ്തത്. ഇത് കണ്ടുപിടിച്ച ശിഷ്യന്മാര്‍ നന്നായി 'ഗുരുദക്ഷിണ' കൊടുക്കുകയും ചെയ്തു.
അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള വഴിവിട്ട ബന്ധം വിദ്യാര്‍ഥിയുടെ മരണത്തില്‍ കലാശിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം വായിച്ചത്. കുറുന്തോട്ടിക്ക് വാതം വന്നാല്‍ എന്തു ചെയ്യും?

'മാതാ പിതാ ഗുരു ദൈവം' എന്നാണ് പ്രമാണം. സ്വന്തം മാതാവുതന്നെ മക്കളെ വെട്ടിനുറുക്കുകയും പിതാവ് മകളെ കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന കാലത്ത് ഗുരു ലഘുവായിപ്പോയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് ചിലര്‍ പറഞ്ഞേക്കാം. സമൂഹത്തിന്റെ സകല രംഗത്തുമുള്ള ശോഷണം അധ്യാപകരെയും ബാധിച്ചുവെന്ന് സമാധാനിക്കുന്നവരുമുണ്ടാകും. പക്ഷേ, അധ്യാപകര്‍ 'അപഥസഞ്ചാരി'കാളായാല്‍ ലോകം എങ്ങോട്ടാകും ചരിക്കുക?

ഇരുട്ട് നീക്കുന്നവനാണ് ഗുരു. അജ്ഞതയുടെ അന്ധകാരം നീക്കി ജ്ഞാനത്തിന്റെ വെളിവ് പകരുന്ന മഹത്തായ കര്‍മമാണത്. സകലതിനും മാതൃകയാണ് ഗുരു. ഒപ്പം നിന്ന് പരിചരിച്ച് വിദ്യനേടിയ ഗുരുകുലകാലത്തിന്റെ കഥകള്‍പോലും നമുക്ക് ഉള്‍വെളിച്ചം പകരുന്നവയാണ്. ഇന്ന് അതെല്ലാം കടന്നുപോയിരിക്കുന്നു. ആശാനും ആശാട്ടിയും കളരിയുമൊക്കെ കാലം കവര്‍ന്നു. വെര്‍ച്വല്‍ ക്ലാസ് മുറികളില്‍ സിഡികള്‍ അറിവിന്റെ ഉറവിടമാണ്. വിജ്ഞാനം വിരല്‍ത്തുമ്പിലാണ്... നേരില്‍ കാണാത്ത ഗുരുക്കന്മാര്‍ കമ്പ്യൂട്ടറിലൂടെ നിങ്ങളുടെ പഠനമുറിയിലെത്തുന്നു.

ഇതിനൊപ്പം മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട്. ലൈംഗിക പീഡനക്കേസുകളിലും മോഷണത്തിലും അക്രമത്തിലുമൊക്കെ അധ്യാപകര്‍ പ്രതികളാകുന്നു. മാതൃകയാകേണ്ട അധ്യാപകരും അധ്യാപികമാരും കുത്തഴിഞ്ഞ ജീവിതത്തിന്റെ പ്രത്യക്ഷസാക്ഷ്യമാകുന്നു. ''നിന്നെയൊക്കെ പഠിപ്പിച്ചില്ലെങ്കിലും എനിക്ക് ശമ്പളം കിട്ടുമെന്ന് ആക്രോശിക്കുന്ന അധ്യാപികമാര്‍'', തന്റെ ദേഷ്യം തീരുംവരെ കുട്ടികളെ തല്ലുന്നവര്‍, ജാതിയുടെയും സമ്പത്തിന്റെയും, സൗന്ദര്യത്തിന്റെയുമൊക്കെ അളവുകോലുകള്‍വെച്ച് വിദ്യാര്‍ഥികളോട് തിരിച്ച് വ്യത്യാസം കാണിക്കുന്നവര്‍. എല്ലാറ്റിനുമുപരി വിദ്യപകരുക എന്ന ധര്‍മം പാടെ വിസ്മരിച്ച് 'ഫാഷന്‍ ഷോ' നടത്തുന്നവര്‍...

എവിടെയാണ് പിഴച്ചത്? തീവണ്ടിയില്‍ പരിചയപ്പെട്ട ഒരു അധ്യാപകന്റെ മുഖ്യ ജോലി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ്. ''അതേയ് 15 ലക്ഷം കൊടുത്താ പ്ലസ് ടുവില്‍ ജോലി വാങ്ങിയത്. ഇനി പഠിപ്പിക്കുകയും കൂടി ചെയ്യണോ''? കണ്ണിറുക്കിക്കൊണ്ട് അധ്യാപകന്റെ ചോദ്യം. മറ്റൊരു അധ്യാപകന്‍ മൂന്നാറില്‍ ''റിസോര്‍ട്ട് നടത്തുന്നു''. പഠനയാത്രകള്‍ മൂന്നാറിലേക്ക് നടത്തി സ്വന്തം കീശവീര്‍പ്പിക്കുന്നതിലാണ് കക്ഷിക്ക് താത്പര്യം. കണ്ണൂര്‍ ജില്ലയില്‍ ഒരു അധ്യാപകനെ അറസ്റ്റ് ചെയ്തത് പ്രകൃതിവിരുദ്ധ നടപടികള്‍ക്കാണ്. കൗണ്‍സലിങ് കേന്ദ്രങ്ങളില്‍ പലപ്പോഴും ''കൗമാരപ്രായക്കാര്‍ ഏറെ പരാതിപ്പെടുന്നത് സ്വന്തം അധ്യാപകരെക്കുറിച്ചാണ്''.

കുട്ടികള്‍ മാതാപിതാക്കളേക്കാള്‍ കൂടുതല്‍ സമയം ജീവിക്കുന്നത് അധ്യാപകര്‍ക്കൊപ്പമാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ അധ്യാപകര്‍ക്ക് കഴിയും. മാഷേ, എന്നുള്ള വിളിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആദരവും സ്‌നേഹവും എങ്ങനെ വേര്‍തിരിക്കാന്‍ പറ്റും?
അതൊരു ജോലിയാണ്. പലരും വന്‍തുക കോഴ കൊടുത്തുവാങ്ങുന്ന ജോലി. മാര്‍ക്കിനും അഭിരുചിക്കും ഉപരി കോഴപ്പണത്തിന്റെ കണക്കിലാണ് നിയമനങ്ങള്‍ നടക്കുന്നത്. സ്വകാര്യമേഖലയിലാണെങ്കില്‍ തുച്ഛമായ വേതനത്തിന് കഠിനാദ്ധ്വാനം ചെയ്യുന്ന അധ്യാപകര്‍. ഇരുകൂട്ടര്‍ക്കും സ്വന്തം പ്രൊഫഷനോട് നീതിപുലര്‍ത്താന്‍ പലപ്പോഴും കഴിയാറില്ല. എല്ലാറ്റിലുമുപരി ഉപഭോഗസംസ്‌കാരത്തിന്റെയും ടെക്‌നോളജിയുടെയും കടന്നുകയറ്റത്തില്‍ മാനുഷികപരിഗണനകള്‍ നഷ്ടമാകുന്ന അവസ്ഥയുമുണ്ട്.മാണിക്യക്കല്ലുപോലെ തിളങ്ങുന്ന അധ്യാപകര്‍ സിനിമയില്‍ മാത്രമല്ല, നമുക്കിടയിലുമുണ്ട്. കുട്ടികളുടെ നന്മയെ ഊതിത്തെളിച്ച് ലോകത്തിന് വെളിച്ചം പകരുന്നവര്‍... കേവലം അറിവിനപ്പുറം ജീവിതം തന്നെ പഠിപ്പിക്കുന്നവര്‍. പക്ഷേ, അവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതാണ് നമ്മളെ ഭയപ്പെടുത്തുന്നത്.നാലാം ക്ലാസുകാരന്‍ അഞ്ചുവയസ്സുകാരിയെ കൊല്ലുന്നു. എട്ടാം ക്ലാസുകാരന്‍ കൂട്ടുകാരിയെ പീഡിപ്പിക്കുന്നു. കൊച്ചുകുട്ടികള്‍പോലും ആത്മഹത്യ ചെയ്യുന്നു. ''കറുത്തകാലത്തിന്റെ'' അടയാളങ്ങളായി ഓരോ സംഭവവും കടന്നുവരുന്നു. എവിടെയാണ് വെളിച്ചം?

പ്രതീക്ഷ അധ്യാപകരിലാണ്. അവരതു തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. സ്വന്തം ക്ലാസ് മുറിയില്‍ സ്പന്ദിക്കുന്ന ഹൃദയങ്ങളുടെ യഥാര്‍ത്ഥ താളം മനസ്സിലാക്കാന്‍, അവരുടെ ജിജ്ഞാസയെ ശമിപ്പിക്കാന്‍, തെറ്റാത്തവഴികളിലൂട നയിക്കാന്‍, എല്ലാറ്റിലുമുപരി സ്വയം ജ്വലിച്ച് അവര്‍ക്കൊരു മാര്‍ഗദീപമാകാന്‍ അധ്യാപകര്‍ക്ക് കഴിയണം. ലോകത്തിന്റെ ദുഷിപ്പുകളെ കുറ്റപ്പെടുത്തി സ്വന്തം ചുമതലകളില്‍നിന്ന് അവര്‍ക്ക് വേണമെങ്കില്‍ ഒഴിയാം, ''കൂടയിലെ ഓറഞ്ചിലേറെയും ചീഞ്ഞുപോയിട്ടുണ്ടാകാം, അതുകൊണ്ട് മുഴുവനും മാലിന്യത്തില്‍ തള്ളണമോ? നല്ലവ തുടച്ചെടുക്കാം. ചീഞ്ഞതും കളയണ്ട, അവയ്ക്കുള്ളില്‍ നല്ല വിത്തുകളുണ്ടാകും. അതെടുത്ത് പാകിയാല്‍ ഭാവിയില്‍ നമുക്കൊരു ഓറഞ്ചുതോട്ടം തന്നെ സൃഷ്ടിക്കാം''.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ