ഫീച്ചര്‍  എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഫീച്ചര്‍  എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഒക്‌ടോബർ 09, 2011

ഈ അറിവുകള്‍ നിങ്ങള്‍ക്കുണ്ടോ? സൈബര്‍ വലിയില്‍ കുടുങ്ങാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍

ചില വെബ്‌സൈറ്റുകളുപയോഗിച്ച്‌ ഫോണ്‍കോള്‍ ചെയ്യാനാകും. ഈ വെബ്‌സൈറ്റ്‌ ഓപ്പണ്‍ ചെയ്‌തശേഷം ഏത്‌ നമ്പറിലേക്കാണ്‌ ഫോണ്‍ കോള്‍ പോകേണ്ടത്‌ എന്ന്‌ ടൈപ്പുചെയ്യുക. പിന്നീട്‌ വെബ്‌സൈറ്റ്‌ ലഭ്യമാക്കുന്ന ഫോണ്‍ നമ്പറിലേക്ക്‌ സ്‌കൈപ്പ്‌ ഉപയോഗിച്ച്‌ കോള്‍ ചെയ്‌താല്‍, ഇങ്ങനെ ലഭിക്കുന്ന കോളിന്റെ ഉറവിടം കണ്ടെത്തുക അത്രയൊന്നും എളുപ്പമുളള കാര്യമല്ല. ഇതുപോലെ ഫോണ്‍കോള്‍ ചെയ്യാന്‍ പറ്റുന്ന അനേകം വെബ്‌സൈറ്റുകള്‍ ലഭ്യമായതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം വമ്പന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്‌.

ഇതു മനസ്സിലാക്കി ഇനി ഇങ്ങനെയൊന്നു ശ്രമിച്ചുനോക്കാം, തട്ടിപ്പിന്റെ രീതിയൊന്നു മാറ്റി പഠിക്കാം എന്നൊന്നും ചിന്തിച്ചേക്കരുത്‌. ഇന്ത്യയുടെ 'സൈബര്‍ സുരക്ഷാ സംവിധാനം' 24 മണിക്കൂറും കഴുകന്‍ കണ്ണുകളുമായി നോക്കിയിരിക്കുന്നുണ്ട്‌ എന്ന്‌ ഓര്‍ക്കുക.

നമ്മുടെ നാട്ടിലെ ഇന്റര്‍നെറ്റ്‌ കഫേകളില്‍ ഇപ്പോഴും ഐഡന്റിറ്റി കാര്‍ഡുകള്‍ കാണിക്കാതെ നെറ്റ്‌ ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്‌. എത്ര ഉന്നത വ്യക്‌തിയായാലും എത്ര വലിയ സുഹൃത്തായാലും സഹോദരങ്ങളായാല്‍ പോലും പൊതു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കുന്ന സമയം, ദിവസം ഇവയും ഐഡന്റിറ്റി കാര്‍ഡ്‌ നമ്പറും പേരും അഡ്രസും എഴുതിവയ്‌ക്കുന്നത്‌ നന്നായിരിക്കും. പൊതു കമ്പ്യൂട്ടറുകള്‍ (ചില ഓഫീസുകളില്‍ ഒന്നോ രണ്ടോ കമ്പ്യൂട്ടറുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക/ ഇന്റര്‍നെറ്റ്‌ കഫേയില്‍ പല കസ്‌റ്റമേഴ്‌സ് വന്നുപോകുന്നു) ഉപയോഗിച്ച്‌ പണമിടപാടുകള്‍ നടത്താതിരിക്കുക. നിങ്ങളുടെ ഇ-മെയിലുകളില്‍ വരുന്ന ലിങ്കുകള്‍ വേണ്ടത്ര ശ്രദ്ധയോടെ വായിച്ച്‌ ബോധ്യപ്പെട്ട ശേഷം മാത്രം ക്ലിക്ക്‌ ചെയ്യുക. നെറ്റ്‌-ബാങ്കിംഗ്‌ ഉപയോഗിക്കുന്നവര്‍ യൂസര്‍ നെയിമും പാസ്‌വേഡും വെബ്‌സൈറ്റിലുളള വെര്‍ച്ച്വല്‍ കീബോര്‍ഡില്‍ ടൈപ്പ്‌ ചെയ്യണം.

പ്രൈവറ്റ്‌ ബാങ്കുകളില്‍ ചിലവ ഇ-മെയിലിലൂടെയും എസ്‌.എം.എസിലൂടെയും കസ്‌റ്റമേഴ്‌സിനെ അക്കൗണ്ട്‌ വിവരങ്ങള്‍ അറിയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. എന്നാല്‍, ഇങ്ങനെ വരുന്ന ഇ-മെയിലുകള്‍ക്കും എസ്‌.എം.എസുകള്‍ക്കും മറുപടി നല്‍കേണ്ടതില്ല. ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പും എ.ടി.എം പാസ്‌വേര്‍ഡ്‌ തട്ടിപ്പുമെല്ലാം ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്‌ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ തട്ടിപ്പിനിരയാകാതെ രക്ഷപെടാം.

എ.ടി.എം കാര്‍ഡില്‍ നിന്ന്‌ നിങ്ങളറിയാതെ പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന്‌ മനസ്സിലായാല്‍ നേരിട്ട്‌ ബാങ്കില്‍ പോയി അധികൃതര്‍ക്ക്‌ പരാതി നല്‍കുക. എ.ടി.എമ്മിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ നിശ്‌ചിത ദിവസങ്ങള്‍ മാത്രമാണ്‌ സൂക്ഷിക്കുക. ബാങ്കില്‍ നിങ്ങള്‍ മൊബൈല്‍ നമ്പറും അപേക്ഷയും നല്‍കിയാല്‍ എ.ടി.എമ്മില്‍ നിന്ന്‌ പണം പിന്‍വലിച്ച തീയതി, സമയം എസ്‌.എം.എസ്‌ അലേര്‍ട്ടിലൂടെ ലഭ്യമാക്കാന്‍ സാധിക്കും. പണം നഷ്‌ടപ്പെട്ടാല്‍ രണ്ട്‌ മാസത്തിനുളളില്‍ ബാങ്കിലും പോലീസിലും പരാതിപ്പെടുന്നത്‌ എഫ്‌.ഐ.ആറിന്‌ സഹായമാവും. തട്ടിപ്പുകളില്‍പ്പെടാതിരിക്കാന്‍ ബാങ്ക്‌ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

ചില എ.ടി.എം കൗണ്ടറുകള്‍ക്കുളളില്‍ കസേരയിട്ട്‌ സെക്യൂരിറ്റികള്‍ ഇരിക്കുന്നത്‌ കാണാം. ഇത്‌ കാലാവസ്‌ഥയെ അതിജീവിക്കാനാണെന്നിരിക്കെ, എ.ടി.എം സുരക്ഷാ നിര്‍ദ്ദേശത്തില്‍ പറയുന്നത്‌ പണം പിന്‍വലിക്കുമ്പോള്‍ കസ്‌റ്റമര്‍ മാത്രമേ എ.ടി.എം കൗണ്ടറുകളില്‍ ഉണ്ടാകാവൂ എന്നാണ്‌. സെക്യൂരിറ്റി നല്ലവനോ കുറ്റവാളിയോ ആവാം. ആയതിനാല്‍ സുരക്ഷാ വീഴ്‌ചയുണ്ടാകാതിരിക്കാന്‍ ഇക്കാര്യം ബാങ്കുകളുടെ ശ്രദ്ധയില്‍പ്പെടണം. ചിലര്‍ക്ക്‌ എ.ടി.എം ഉപയോഗിക്കുന്നതിന്‌ പാസ്‌വേഡ്‌ ടൈപ്പ്‌ ചെയ്യാന്‍ അറിയില്ല എന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ബാങ്ക്‌ അധികൃതര്‍ പുതിയ അക്കൗണ്ട്‌ ചേരുന്ന കസ്‌റ്റമര്‍ക്ക്‌ ഒരു ചെറിയ എ.ടി.എം ട്രെയിനിംഗ്‌ കൊടുക്കുന്നത്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാവും.

എ.ടി.എം കാര്‍ഡിന്റെ കവറില്‍ ചിലര്‍ പിന്‍ നമ്പര്‍ എഴുതിവയ്‌ക്കുന്നതും കണ്ടിട്ടുണ്ട്‌. ഇതൊഴിവാക്കുന്നതും പണം നഷ്‌ടപ്പെടാതിരിക്കാന്‍ നിങ്ങളെ സഹായിക്കും. സ്വന്തം എ.ടി.എം കാര്‍ഡ്‌ മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍ കൊടുക്കാതിരിക്കുക. പിന്‍ നമ്പര്‍ രഹസ്യമായിരിക്കേണ്ട ഒന്നാണ്‌. അത്‌ നിങ്ങളുടെ സ്വകാര്യസ്വത്താണ്‌. ഒപ്പം സ്‌ത്രീയെന്ന നിലയില്‍ ഒരു ആവശ്യം കൂടി മുന്നോട്ടു വയ്‌ക്കുകയാണ്‌. എല്ലാ ജില്ലയിലും സൈബര്‍ സെല്ലുകളില്‍ വനിതകള്‍ക്കു മാത്രമായി പ്രത്യേക വിഭാഗം ആവശ്യമാണ്‌.

നിങ്ങള്‍ക്കും പ്രതികരിക്കാം.. താഴേക്ക്‌ സ്‌ക്രോള്‍ ചെയ്യുക..

തിങ്കളാഴ്‌ച, ജൂലൈ 25, 2011

'ഗുരുദക്ഷിണ'

കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് പ്രതി, ചെയ്ത കുറ്റമെന്താണെന്നറിയേണ്ടേ? സ്വന്തം ശിഷ്യകളുടെ കുളിസീന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി... അടുത്ത കുളിമുറിയില്‍ ഒളിച്ചിരുന്ന് വളരെ ബുദ്ധിമുട്ടിയാണ് അധ്യാപകന്‍ ശിഷ്യകളുടെ കുളിസീന്‍ റെക്കോഡ് ചെയ്തത്. ഇത് കണ്ടുപിടിച്ച ശിഷ്യന്മാര്‍ നന്നായി 'ഗുരുദക്ഷിണ' കൊടുക്കുകയും ചെയ്തു.
അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള വഴിവിട്ട ബന്ധം വിദ്യാര്‍ഥിയുടെ മരണത്തില്‍ കലാശിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം വായിച്ചത്. കുറുന്തോട്ടിക്ക് വാതം വന്നാല്‍ എന്തു ചെയ്യും?

'മാതാ പിതാ ഗുരു ദൈവം' എന്നാണ് പ്രമാണം. സ്വന്തം മാതാവുതന്നെ മക്കളെ വെട്ടിനുറുക്കുകയും പിതാവ് മകളെ കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന കാലത്ത് ഗുരു ലഘുവായിപ്പോയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് ചിലര്‍ പറഞ്ഞേക്കാം. സമൂഹത്തിന്റെ സകല രംഗത്തുമുള്ള ശോഷണം അധ്യാപകരെയും ബാധിച്ചുവെന്ന് സമാധാനിക്കുന്നവരുമുണ്ടാകും. പക്ഷേ, അധ്യാപകര്‍ 'അപഥസഞ്ചാരി'കാളായാല്‍ ലോകം എങ്ങോട്ടാകും ചരിക്കുക?

ഇരുട്ട് നീക്കുന്നവനാണ് ഗുരു. അജ്ഞതയുടെ അന്ധകാരം നീക്കി ജ്ഞാനത്തിന്റെ വെളിവ് പകരുന്ന മഹത്തായ കര്‍മമാണത്. സകലതിനും മാതൃകയാണ് ഗുരു. ഒപ്പം നിന്ന് പരിചരിച്ച് വിദ്യനേടിയ ഗുരുകുലകാലത്തിന്റെ കഥകള്‍പോലും നമുക്ക് ഉള്‍വെളിച്ചം പകരുന്നവയാണ്. ഇന്ന് അതെല്ലാം കടന്നുപോയിരിക്കുന്നു. ആശാനും ആശാട്ടിയും കളരിയുമൊക്കെ കാലം കവര്‍ന്നു. വെര്‍ച്വല്‍ ക്ലാസ് മുറികളില്‍ സിഡികള്‍ അറിവിന്റെ ഉറവിടമാണ്. വിജ്ഞാനം വിരല്‍ത്തുമ്പിലാണ്... നേരില്‍ കാണാത്ത ഗുരുക്കന്മാര്‍ കമ്പ്യൂട്ടറിലൂടെ നിങ്ങളുടെ പഠനമുറിയിലെത്തുന്നു.

ഇതിനൊപ്പം മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട്. ലൈംഗിക പീഡനക്കേസുകളിലും മോഷണത്തിലും അക്രമത്തിലുമൊക്കെ അധ്യാപകര്‍ പ്രതികളാകുന്നു. മാതൃകയാകേണ്ട അധ്യാപകരും അധ്യാപികമാരും കുത്തഴിഞ്ഞ ജീവിതത്തിന്റെ പ്രത്യക്ഷസാക്ഷ്യമാകുന്നു. ''നിന്നെയൊക്കെ പഠിപ്പിച്ചില്ലെങ്കിലും എനിക്ക് ശമ്പളം കിട്ടുമെന്ന് ആക്രോശിക്കുന്ന അധ്യാപികമാര്‍'', തന്റെ ദേഷ്യം തീരുംവരെ കുട്ടികളെ തല്ലുന്നവര്‍, ജാതിയുടെയും സമ്പത്തിന്റെയും, സൗന്ദര്യത്തിന്റെയുമൊക്കെ അളവുകോലുകള്‍വെച്ച് വിദ്യാര്‍ഥികളോട് തിരിച്ച് വ്യത്യാസം കാണിക്കുന്നവര്‍. എല്ലാറ്റിനുമുപരി വിദ്യപകരുക എന്ന ധര്‍മം പാടെ വിസ്മരിച്ച് 'ഫാഷന്‍ ഷോ' നടത്തുന്നവര്‍...

എവിടെയാണ് പിഴച്ചത്? തീവണ്ടിയില്‍ പരിചയപ്പെട്ട ഒരു അധ്യാപകന്റെ മുഖ്യ ജോലി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ്. ''അതേയ് 15 ലക്ഷം കൊടുത്താ പ്ലസ് ടുവില്‍ ജോലി വാങ്ങിയത്. ഇനി പഠിപ്പിക്കുകയും കൂടി ചെയ്യണോ''? കണ്ണിറുക്കിക്കൊണ്ട് അധ്യാപകന്റെ ചോദ്യം. മറ്റൊരു അധ്യാപകന്‍ മൂന്നാറില്‍ ''റിസോര്‍ട്ട് നടത്തുന്നു''. പഠനയാത്രകള്‍ മൂന്നാറിലേക്ക് നടത്തി സ്വന്തം കീശവീര്‍പ്പിക്കുന്നതിലാണ് കക്ഷിക്ക് താത്പര്യം. കണ്ണൂര്‍ ജില്ലയില്‍ ഒരു അധ്യാപകനെ അറസ്റ്റ് ചെയ്തത് പ്രകൃതിവിരുദ്ധ നടപടികള്‍ക്കാണ്. കൗണ്‍സലിങ് കേന്ദ്രങ്ങളില്‍ പലപ്പോഴും ''കൗമാരപ്രായക്കാര്‍ ഏറെ പരാതിപ്പെടുന്നത് സ്വന്തം അധ്യാപകരെക്കുറിച്ചാണ്''.

കുട്ടികള്‍ മാതാപിതാക്കളേക്കാള്‍ കൂടുതല്‍ സമയം ജീവിക്കുന്നത് അധ്യാപകര്‍ക്കൊപ്പമാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ അധ്യാപകര്‍ക്ക് കഴിയും. മാഷേ, എന്നുള്ള വിളിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആദരവും സ്‌നേഹവും എങ്ങനെ വേര്‍തിരിക്കാന്‍ പറ്റും?
അതൊരു ജോലിയാണ്. പലരും വന്‍തുക കോഴ കൊടുത്തുവാങ്ങുന്ന ജോലി. മാര്‍ക്കിനും അഭിരുചിക്കും ഉപരി കോഴപ്പണത്തിന്റെ കണക്കിലാണ് നിയമനങ്ങള്‍ നടക്കുന്നത്. സ്വകാര്യമേഖലയിലാണെങ്കില്‍ തുച്ഛമായ വേതനത്തിന് കഠിനാദ്ധ്വാനം ചെയ്യുന്ന അധ്യാപകര്‍. ഇരുകൂട്ടര്‍ക്കും സ്വന്തം പ്രൊഫഷനോട് നീതിപുലര്‍ത്താന്‍ പലപ്പോഴും കഴിയാറില്ല. എല്ലാറ്റിലുമുപരി ഉപഭോഗസംസ്‌കാരത്തിന്റെയും ടെക്‌നോളജിയുടെയും കടന്നുകയറ്റത്തില്‍ മാനുഷികപരിഗണനകള്‍ നഷ്ടമാകുന്ന അവസ്ഥയുമുണ്ട്.മാണിക്യക്കല്ലുപോലെ തിളങ്ങുന്ന അധ്യാപകര്‍ സിനിമയില്‍ മാത്രമല്ല, നമുക്കിടയിലുമുണ്ട്. കുട്ടികളുടെ നന്മയെ ഊതിത്തെളിച്ച് ലോകത്തിന് വെളിച്ചം പകരുന്നവര്‍... കേവലം അറിവിനപ്പുറം ജീവിതം തന്നെ പഠിപ്പിക്കുന്നവര്‍. പക്ഷേ, അവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതാണ് നമ്മളെ ഭയപ്പെടുത്തുന്നത്.നാലാം ക്ലാസുകാരന്‍ അഞ്ചുവയസ്സുകാരിയെ കൊല്ലുന്നു. എട്ടാം ക്ലാസുകാരന്‍ കൂട്ടുകാരിയെ പീഡിപ്പിക്കുന്നു. കൊച്ചുകുട്ടികള്‍പോലും ആത്മഹത്യ ചെയ്യുന്നു. ''കറുത്തകാലത്തിന്റെ'' അടയാളങ്ങളായി ഓരോ സംഭവവും കടന്നുവരുന്നു. എവിടെയാണ് വെളിച്ചം?

പ്രതീക്ഷ അധ്യാപകരിലാണ്. അവരതു തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. സ്വന്തം ക്ലാസ് മുറിയില്‍ സ്പന്ദിക്കുന്ന ഹൃദയങ്ങളുടെ യഥാര്‍ത്ഥ താളം മനസ്സിലാക്കാന്‍, അവരുടെ ജിജ്ഞാസയെ ശമിപ്പിക്കാന്‍, തെറ്റാത്തവഴികളിലൂട നയിക്കാന്‍, എല്ലാറ്റിലുമുപരി സ്വയം ജ്വലിച്ച് അവര്‍ക്കൊരു മാര്‍ഗദീപമാകാന്‍ അധ്യാപകര്‍ക്ക് കഴിയണം. ലോകത്തിന്റെ ദുഷിപ്പുകളെ കുറ്റപ്പെടുത്തി സ്വന്തം ചുമതലകളില്‍നിന്ന് അവര്‍ക്ക് വേണമെങ്കില്‍ ഒഴിയാം, ''കൂടയിലെ ഓറഞ്ചിലേറെയും ചീഞ്ഞുപോയിട്ടുണ്ടാകാം, അതുകൊണ്ട് മുഴുവനും മാലിന്യത്തില്‍ തള്ളണമോ? നല്ലവ തുടച്ചെടുക്കാം. ചീഞ്ഞതും കളയണ്ട, അവയ്ക്കുള്ളില്‍ നല്ല വിത്തുകളുണ്ടാകും. അതെടുത്ത് പാകിയാല്‍ ഭാവിയില്‍ നമുക്കൊരു ഓറഞ്ചുതോട്ടം തന്നെ സൃഷ്ടിക്കാം''.