ആത്യന്തികമായി ഒരു സത്യമേയുള്ളൂ, അത് മുതലാളിത്തമാണ്. ബാക്കിയെല്ലാം അതിന്റെ മുഖംമൂടികള്‍ മാത്രം. എന്നൊരു ചിന്തകന്‍ പറഞ്ഞത് എത്ര യാഥാര്‍ഥ്യം. യാതൊരു നീതീകരണവുമില്ലാതെയാണ് ഇത്തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചത്. വില നിശ്ചയിക്കുവാനുള്ള അധികാരം പെട്രോളിയം കമ്പനികള്‍ക്ക് കൊടുത്തശേഷം ഇത് എട്ടാംതവണയാണ് വില വര്‍ദ്ധന. നാലുമാസത്തിനിടെ രണ്ടുപ്രാവശ്യം വര്‍ദ്ധിപ്പിച്ചു. വില നിര്‍ണ്ണയത്തിലുള്ള തീരുമാനം പെട്രോളിയം കമ്പനികള്‍ക്കു വിട്ടുകൊടുക്കുവാനുള്ള തീരുമാനത്തിന് ആദ്യം മുതല്‍ത്തന്നെ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. ക്രൂഡോയില്‍വില വില താഴുമ്പോള്‍ മന്ത്രിസഭ അനുമതി കൂടാതെ വിലകുറയ്ക്കുവാന്‍ കഴിയും എന്ന ന്യായം അവതരിപ്പിച്ചാണ് അന്ന് ജനത്തിന്റെ കണ്ണില്‍ മണ്ണു വാരിയിട്ടത്. ഈ വര്‍ദ്ധനകൊണ്ടും തീരുന്നില്ല. പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുവാനുള്ള തീരുമാനവും ഉടനെ വരും.
5300 കോടിരൂപയുടെ നഷ്ടം ഒരു വര്‍ഷം പൊതുമേഖലാ എണ്ണക്കമ്പനികള്‍ നേരിടുന്നുവെന്ന് പറയുന്നു. എന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഭാരത് പെട്രോളിയത്തിന്റെയും വെബ്‌സൈറ്റുകള്‍ പരിശോധിക്കുമ്പോള്‍ കോടികളുടെ ലാഭം ഉണ്ടാക്കിയതായും കാണാം. നാം ഏത് വിശ്വസിക്കണം. പെട്രോളിയം കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് ചൂട്ടുപിടിച്ചു കൊടുക്കുകയാണോ ജനങ്ങള്‍ തിരഞ്ഞെടുത്തുവിട്ട ഭരണകൂടം ചെയ്യേണ്ടത്? അന്താരാഷ്ട്ര വിപണിയില്‍ ഒരുമണിക്കൂര്‍ വിലവര്‍ദ്ധനയുണ്ടാകുമ്പോള്‍ത്തന്നെ നമ്മുടെ മേലാളന്‍മാര്‍ വിലവര്‍ദ്ധനയ്ക്കുള്ള തീരുമാനം എടുത്തുകഴിയും. ജനത്തിനു വേണ്ടി ഭരിക്കുന്ന ഒരു ഭരണകൂടമായിരുന്നു എങ്കില്‍ നാണ്യപ്പെരുപ്പവും വിലക്കയറ്റവും അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്ന ഈ അവസരത്തില്‍ ഒരു വിലവര്‍ദ്ധനയെ പ്രോത്സാഹിപ്പിക്കില്ലായിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങള്‍ക്കും തൊട്ടാല്‍ പോള്ളുന്ന വിലയാണ്. അതിനെ പിടിച്ചു നിര്‍ത്താനുള്ള ശ്രമമില്ലന്നെതോ പോകട്ടെ, എരിതീയില്‍ എണ്ണ ഒഴിയ്ക്കുന്നതുപോലെയുള്ള സമീപനങ്ങള്‍ എങ്കിലും ഒഴിവാക്കേണ്ടിയിരുന്നു.
പെട്രോളിയം കമ്പനികളുടെ നഷ്ടം പൊലിപ്പിച്ചു കാട്ടുന്നതാണ് എന്ന് ഈ മേഖലയിലുള്ള വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ മറ്റേതെങ്കിലും എണ്ണക്കമ്പനികളുമായി മത്സരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഒരു തരത്തില്‍ ഇവരുടെ കുത്തകതന്നെയാണ് നിലനില്‍ക്കുന്നത്. എന്നിട്ടും ഇവര്‍ ഈ പൊലിപ്പിച്ചുകാട്ടുന്ന കണക്കിനൊപ്പമെത്തുന്ന തുകയാണ് ഓരോ വര്‍ഷവും പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്. ആര്‍ക്കുവേണ്ടിയാണീ പരസ്യങ്ങള്‍? ഇതിനു പിറകിലുള്ള അന്തര്‍നാടകങ്ങള്‍ നമുക്കെന്തറിയാം?
പുത്തന്‍ സാങ്കേതിക വിദ്യകള്‍ വാഹനങ്ങളിലെ എണ്ണ ഉപഭോഗം കുറയ്ക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണ് കണ്ടെത്തേണ്ടിയിരുന്നത്. എന്നാല്‍ ഒരു ലിറ്ററിന് ഒരു കിലോമീറ്റര്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത വാഹനങ്ങള്‍ വാങ്ങുന്നതിന് തയ്യാറായി നില്‍ക്കുന്ന നാടായി നമ്മുടെ കേരളം പോലും മാറിയിരിക്കുന്നു എന്നതാണ് അത്ഭുതം. വന്ദനാശിവയുടെ ‘മണ്ണോ എണ്ണയോ’ എന്ന പുസ്തകത്തില്‍ എണ്ണയുടെ രാഷ്ട്രീയം എന്തെന്ന് വിശദീകരിക്കുന്നുണ്ട് . ‘ എണ്ണയുത്പാദനത്തിലെ പരിമിതിയും അതു സൃഷ്ടിക്കുന്ന വിലവര്‍ദ്ധനയും പുരോഗതിയെ സംബന്ധിച്ച പുതിയ കാഴ്ച്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും ആവശ്യപ്പെടുന്നു. എണ്ണയെ ആശ്രയിക്കാതെതന്നെ മെച്ചപ്പെട്ട ജീവിതം എങ്ങനെ സാധ്യമാക്കാമെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. എണ്ണ പ്രതിസന്ധി ലോകത്ത് വരുത്തിവയ്ക്കുന്ന മറ്റൊരു മഹാദുരന്തമാണ് ഭക്ഷ്യപ്രതിസന്ധി. ഉരുണ്ടുകൂടിവരുന്ന വലിയ ഭക്ഷ്യ പ്രതിസന്ധി ലോകത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം നൂറുകോടിയില്‍നിന്ന് ഇരുന്നൂറു കോടിയായി വര്‍ദ്ധിക്കും . ലോകത്തെങ്ങും ഭക്ഷ്യവസ്തുക്കളുടെ വില ഉയരുകയാണ്. മുപ്പതിലധികം രാജ്യങ്ങളില്‍ ആഹാരത്തിനായി ഇതിനകം ജനങ്ങള്‍ കലാപമുണ്ടാക്കിക്കഴിഞ്ഞു. നമുക്ക് മുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങളേയുള്ളൂ. ഒന്നുകില്‍ പ്രകൃതിയുടെയും മനുഷ്യന്റെയും നിലനില്പിനെ കേന്ദ്രീകരിച്ചുള്ള, ഫോസില്‍ ഇന്ധനങ്ങളുടെ മലിനീകരണമില്ലാത്ത ലോകത്തിലേക്ക് നീങ്ങാം. അല്ലെങ്കില്‍ ഇന്നത്തെ വിപണി കേന്ദ്രീകൃത സമൂഹത്തില്‍ അലിഞ്ഞു ചേരാം.’
ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കാതെയുള്ള പുതിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ നാം കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്നാല്‍ ഇച്ഛാശക്തിയില്ലാത്ത ഒരു ഭരണകൂടം നമ്മെ ഭരിക്കുമ്പോള്‍ ഇന്ന് എണ്ണയ്ക്കു കൊടുക്കുന്ന വിലയെക്കാള്‍ നാം സൃഷ്ടിക്കുന്ന പുതിയ ഊര്‍ജ്ജസ്രോതസ്സിന് നല്‍കേണ്ടി വന്നേക്കാം. ഒരുകൂട്ടം മനുഷ്യര്‍ ഇവിടെ അധികപ്പറ്റായി മാറിക്കഴിഞ്ഞു. ആഗോളവത്ക്കരണമെന്നും നവ കൊളോണിയലിസമെന്നും, ഉദാരവത്ക്കരണമെന്നും പേരിട്ട് ഇതിനെ നിര്‍വചിച്ചുകൊണ്ടിരിക്കുമ്പോഴും ദാരിദ്രരേഖയില്‍ കഴിയുന്ന നമ്മുടെ സമൂഹം ഒരു കാര്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. കോരനു കഞ്ഞി കുമ്പിളില്‍ത്തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ