കേരളത്തിലെ മാധ്യമമേഖലയിലെ സാങ്കേതിക വിദഗ്ദ്ധര്‍ ഇപ്പോള്‍ കൂലംകക്ഷമായ ആലോചനയിലാണ്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ അത് എച്ച്. ഡി ക്വാളിറ്റിയില്‍ എങ്ങനെ ലൈവ് ആയി കാണിക്കാം!! ഒട്ടുമിക്ക വാര്‍ത്താ ചാനലുകളുടെയും ആധുനിക സംവിധാനങ്ങളുള്ള സ്റ്റുഡിയോകള്‍ സ്ഥിതിചെയ്യുന്ന കൊച്ചിയിലേക്കാണ് മുല്ലപ്പെരിയാറിന്റെ ഉല്‍പന്നം ചെന്നെത്തുന്നതിനാല്‍ വലിയ ബുദ്ധിമുട്ടു നേരിടേണ്ടിവരില്ല. ലോകത്തിലെ ഏറ്റവും വലിയ ഡാം ദുരന്തം സുഖമായി നമുക്കാസ്വദിക്കാം. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ മുമ്പോട്ടു നീക്കുകയാണെങ്കില്‍ ടൂറിസം വകുപ്പിന് വലിയ സാധ്യതയാണ് മുല്ലപ്പെരിയാര്‍ പൊട്ടുന്നതിലൂടെ ലഭിക്കാന്‍ പോകുന്നത്!
ഇടുക്കി കുലുങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. നമ്മള്‍ ഇപ്പോഴും ‘താത്വികമായ ഒരവലോകനമാണ് ഉദ്ദേശിക്കുന്നത്’ എന്ന ക്ലീഷേ ഡയലോഗുമായി നിലാവുള്ള രാത്രിയില്‍ അഴിച്ചുവിട്ട കോഴിയെപ്പോലെ ഇരുട്ടില്‍ തപ്പുന്നു. ഇന്ത്യയില്‍ ഭൂകമ്പസാധ്യത നിലനില്‍ക്കുന്ന ഭ്രംശന മേഖലയിലാണ് മുല്ലപ്പെരിയാറിന്റെ സ്ഥാനം എന്നത് ഒട്ടനവധി പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഭൗമശാസ്ത്രജ്ഞനായ എ വി ജോര്‍ജ്ജിന്റെ ‘ഭൂകമ്പങ്ങള്‍ എന്തുകൊണ്ട്? എങ്ങനെ? എന്ന പുസ്തകത്തില്‍ മുല്ലപ്പെരിയാറിനെ പ്രത്യേകവിഷയമായി പഠിച്ചിട്ടുണ്ട്. ഏറെ പഴക്കമുള്ള ഡാം 1896ലാണ് പണി പൂര്‍ത്തിയാക്കിയത്. അക്കാലത്ത് ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍മാര്‍, ഒരു നൂറ്റാണ്ടിലേറെ സമയംകൊണ്ട് ഉണ്ടാകാവുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വേണ്ടത്ര പഠനങ്ങള്‍ നടത്തി മുന്‍കരുതല്‍ നടപടി ഡാം നിര്‍മ്മാണത്തില്‍ സ്വീകരിച്ചിട്ടില്ല എന്നത് സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാണ്.
മുല്ലപ്പെരിയാര്‍ ദുരന്തം ഇന്നൊരു വിദൂര സാധ്യതയല്ല. 116 വര്‍ഷം മുന്‍പ് റൂര്‍ക്കിയുംചുണ്ണാമ്പും ചേര്‍ത്ത് നിര്‍മ്മിച്ച ആ അണക്കെട്ട് ഇന്നും നിലനില്‍ക്കുന്നത് തമിഴ്‌നാട് സര്‍ക്കാര്‍ ഇടയ്ക്കിടയ്ക്ക് പൊത്തില്‍ സിമന്റു തേയ്ക്കുന്നതുകൊണ്ടല്ല. സായിപ്പിന്റെ നിര്‍മ്മാണവൈദഗ്ദ്ധ്യം ഒന്നുകൊണ്ടു മാത്രമാണ്. ഉണ്ടാക്കിയ സായിപ്പിനുപോലും അണക്കെട്ട് ഇപ്പോഴും നിലനിന്നുകാണുന്നതില്‍ അത്ഭുതമുണ്ടാകും! 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഇന്ത്യയിലെ ഡാമുകളെക്കുറിച്ച് പഠനം നടത്തിയ കേന്ദ്ര ഏജന്‍സി ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള അണക്കെട്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് മുല്ലപ്പെരിയാറിന് നല്‍കിയത്്.
35 ലക്ഷം ആളുകളുടെ ജീവനെടുക്കുന്ന ഒരു മഹാദുരന്തം അരികിലെത്തിയിട്ടും ഇന്ത്യാഗവണ്‍മെന്റ് എത്രയോ ലാഘവത്തോടെയാണ് ഈ പ്രശ്‌നത്തെ കൈകകാര്യം ചെയ്യുന്നത്. ഒരുകാര്യത്തില്‍ തമിഴ്‌നാട് നമുക്ക് മാതൃകയാണ്. അവരുടെ നാടിനെബാധിക്കുന്ന ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അവിടെ ഡി എം കെയോ അണ്ണാ ഡി എം കെയോ ഇല്ല. തമിഴ്മക്കള്‍ മാത്രമേയുള്ളൂ. ടു ജി പ്രശ്‌നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഡിം എം കെയെ ഇനിയും പിണക്കി കസേര നഷ്ടപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. മാത്രവുമല്ല മുല്ലപ്പെരിയാര്‍ പൊട്ടിയാലും അത് ഡല്‍ഹിയെ ബാധിക്കില്ലല്ലോ. ഇത്രയും ബലവത്തായ ഒരു ഡാം കണ്ടിട്ടില്ല എന്നാണ് തമിഴ്‌നാടിന്റെ വാദം. മുല്ലപ്പെരിയാറിന്‍നിന്നുള്ള വെള്ളമുപയോഗിച്ച് പച്ചക്കറിയുണ്ടാക്കി അത് കേരളത്തിലെ മെയ്യനങ്ങാപ്പാറകളെ തീറ്റുന്ന തമിഴ്‌നാട് ഒന്നോര്‍ക്കണം. ഡാം പൊട്ടിയാല്‍ വിലപ്പെട്ട മുപ്പത്തിയഞ്ചുലക്ഷം ഉപഭോക്കാക്കളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെടാന്‍ പോകുന്നത്.
999വര്‍ഷത്തെ തമിഴ്‌നാടുമായുള്ള കരാറിനെക്കുറിച്ചുള്ള ചരിത്രവസ്തുതകള്‍ ചികയുന്നതുകൊണ്ട് ഒരു കാര്യവുമില്ല. പരമോന്നത് നീതിന്യായ പീഠം വിധി പ്രഖ്യാപിച്ചത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തകര്‍ച്ച സംഭവിച്ചാലും അവിടെയുള്ള വെള്ളം ഇടുക്കി അണക്കെട്ട് വഹിച്ചുകൊള്ളുമെന്നാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത്തരത്തിലൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും സാധ്യമല്ല. തമിഴ്‌നാടുമായുള്ള ഊക്ഷ്മളമായ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുല്ലപ്പെരിയാറില്‍ പുതിയ കരാര്‍ പ്രകാരം ഒരണക്കെട്ട് നിര്‍മ്മിക്കുക എന്നതാണ്് ഏറെ ജനസാന്ദ്രതയുള്ള കേരളത്തിന്റെ സുരക്ഷയ്ക്കുള്ള ശാശ്വതപരിഹാരം എന്നകാര്യത്തില്‍ രണ്ടുപക്ഷമില്ല.ഡോ എ വി ജോര്‍ജ്ജ് തയ്യാറാക്കിയ ‘മുല്ലപ്പെരിയാര്‍ ഡാം കേരളം നേരിടുന്ന ഭീഷണി’ എന്ന പുസ്തകത്തില്‍ പ്രശ്‌നപരിഹാരങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പ്രദിപാദിച്ചിട്ടുണ്ട്. പുതിയ ഡാം നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ച് 1970ല്‍ത്തന്നെ പഠനം നടത്തി എസ്്റ്റിമേറ്റും തയ്യാറാക്കിയതാണ്. ശ്രീ ബലറാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 24 കോടി രൂപയായിരുന്നു എസ്റ്റിമേറ്റു തുക. പിന്നീട് മൂന്നുപതിറ്റാണ്ട് വിവിധ മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഈ വിഷയത്തില്‍ നമുക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല എന്നത് നമ്മുടെ ഭരണാധികാരികളുടെ കഴിവുകേടാണ് എന്ന്് പറയാതെ തരമില്ല.
മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായും ശാശ്വതമായും പരിഹരിക്കപ്പെടണമെങ്കില്‍ കാലഹരണപ്പെട്ട കരാര്‍ പുതുക്കി പുതിയ കരാര്‍ ഉണ്ടാക്കുകയും, നിലവിലുള്ള അണക്കെട്ടിനുപകരം പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയും വേണം. ഈ വിഷയത്തില്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ സാധിക്കുക കേന്ദ്രസര്‍ക്കാരിനാണ്. വിധിയെ പഴിച്ച് നിസ്സംഗതയോടെയും, നിര്‍വികാരതയോടെയും ജീവിതം മുന്നോട്ടുനയിക്കാന്‍ മദ്ധ്യകേരളത്തിലെ ജനലക്ഷങ്ങള്‍ക്കാവുമോ? നിസ്സഹായരായി പകച്ചുനില്‍ക്കാതെ, ഈ വിഷയം ഒരു ജനതയുടെ നിനില്‍പിന്റെ പ്രശ്‌നമായി കണ്ട് ശക്തമായ ജനമുന്നേറ്റം ഇവിടെ ഉയര്‍ന്നുവരണം. അണക്കെട്ടിന്റെ മുതുമുത്തശ്ശിയായ മുല്ലപ്പെരിയാര്‍ ഇനിയൊരു അവലോകന യോഗത്തിന്് കാത്തുനില്‍ക്കുമെന്ന് കരുതാന്‍ വയ്യ.
കേരള മക്കള്‍ ഒന്നാകെ താങ്കളെ യീ ആവശ്യത്തെ പിന്താങ്ങും അത്മാര്തമായിട്ടു
മറുപടിഇല്ലാതാക്കൂനാം നമ്മുടെ ഇന്ത്യയെ സ്നേഹിക്കുക, നമ്മുടെ ജനങ്ങളെ സ്നേഹിക്കുക
മറുപടിഇല്ലാതാക്കൂഅതിന് ഈ സമരം ഇറക്കെ വിളിക്കുക
നിസ്സഹായരായി പകച്ചുനില്‍ക്കാതെ, ഈ വിഷയം ഒരു ജനതയുടെ നിനില്‍പിന്റെ പ്രശ്‌നമായി കണ്ട് ശക്തമായ ജനമുന്നേറ്റം ഇവിടെ ഉയര്‍ന്നുവരണം....
മറുപടിഇല്ലാതാക്കൂഅതു തന്നെയാണ് ഏക പരിഹാരമാര്‍ഗം...