കേരളത്തില്‍ 'കൂണ്‍മരുന്നു' വിതരണത്തിനു ചുക്കാന്‍ പിടിച്ചതു ഡി.എക്‌സ്.എന്‍. നെറ്റ്‌വര്‍ക്കിന്റെ ഒരു റീജണല്‍ മാനേജരായിരുന്നു. കൂണിന്റെ 'തനിഗുണം' ഇപ്പോഴാണു പുറത്തറിഞ്ഞതെന്നു മാത്രം. നിലവില്‍ മലയാളിക്കു പരിചിതനായ അദ്ദേഹം മറ്റാരുമല്ല; സാക്ഷാല്‍ ഹരീഷ് മദിനേനി. നാനോ എക്‌സല്‍ തട്ടിപ്പിന്റെ രാജാവ്. കേരളത്തില്‍ സുലഭമായ മരക്കൂണുകളാണ് 'മലേഷ്യന്‍ മാന്ത്രികക്കൂണാ'യി ഇദ്ദേഹം അവതരിപ്പിച്ചത്. പ്രത്യേകതരം കൂണുകളില്‍നിന്നു വാറ്റിയെടുക്കുന്ന മരുന്നുകളാണ് ഡി.എക്‌സ്.എന്‍. നെറ്റ്‌വര്‍ക്കിലൂടെ ഏതാനും വര്‍ഷം മുമ്പു വിതരണം ചെയ്‌തിരുന്നത്. പ്രമേഹത്തിനു മാത്രമല്ല, അര്‍ബുദംപോലുള്ള മാരകരോഗങ്ങള്‍ക്കും കൂണ്‍മരുന്ന് ഉത്തമമത്രേ! നെറ്റ്‌വര്‍ക്കിനു മണി ചെയിന്‍ സ്വഭാവവും ഉണ്ടായിരുന്നതിനാല്‍ വിപണി കൊഴുത്തു. മലേഷ്യയിലെ വിശിഷ്‌ടമായ കൂണുകളില്‍നിന്നാണ് ഈ മാന്ത്രികമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. എന്നാല്‍ മരുന്ന് ആര്‍ക്കും പ്രയോജനപ്പെട്ടതായി വിവരമില്ല. ഒടുവില്‍ വേണ്ടത്ര 'കളക്ഷന്‍' കിട്ടിയപ്പോള്‍ ഡി.എക്‌സ്.എന്‍. കെട്ടുകെട്ടി. ഒരു സുപ്രഭാതത്തില്‍ ഓഫീസുകള്‍ പൂട്ടിക്കിടക്കുന്നതു കണ്ടപ്പോള്‍ നിക്ഷേപകര്‍ ഞെട്ടി. കേരളത്തില്‍ സുലഭമായ മരക്കൂണുകളാണ് മലേഷ്യന്‍ മാന്ത്രികക്കൂണായി ഹരീഷ് മദിനേനി അവതരിപ്പിച്ചത്. നിക്ഷേപകരെ വിശ്വാസത്തിലെടുക്കാനായി ചില ബ്രാന്‍ഡ് അംബാസഡര്‍മാരെ കൂട്ടുപിടിക്കുന്നതു മദിനേനിയുടെ രീതിയാണ്. നാനോ എക്‌സല്‍ തട്ടിപ്പിനായി ഇയാള്‍ ദുരുപയോഗം ചെയ്‌തതു മുന്‍രാഷ്‌ട്രപതിയും ബഹിരാകാശ ശാസ്‌ത്രജ്‌ഞനുമായ എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ പേരും ഫോട്ടോകളും! 'അബ്‌ദുള്‍ കലാമിന്റെ അരുമശിഷ്യന്‍ എന്നല്ലേ ചേട്ടാ അയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. പിന്നെ അവിശ്വസിക്കുന്നതെങ്ങനെ?'- മദിനേനിയുടെ നാനോ ടെജ്‌നോളജി വാദങ്ങളെ നിക്ഷേപകര്‍ കണ്ണടച്ചു വിശ്വസിച്ചതെങ്ങനെയെന്നു ചോദിച്ചപ്പോള്‍ ഒരു ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയുടെ പ്രതികരണമിങ്ങനെ. മലേഷ്യന്‍ പച്ചമരുന്ന് ഉല്‍പ്പാദകരില്‍ പ്രമുഖരായ ഡി.എക്‌സ്.എന്‍. ബ്രാന്‍ഡിന്റെ സല്‍പ്പേരാണ് ഇയാള്‍ മുമ്പു കൂണ്‍മരുന്ന് തട്ടിപ്പിനായി ദുരുപയോഗം ചെയ്‌തത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ