ബുധനാഴ്‌ച, സെപ്റ്റംബർ 21, 2011

പ്രണയം‍

വാസ്‌തവത്തില്‍ ദൈവത്തിനു പോലും മനസിലാക്കാന്‍ പറ്റാതെ പോയ ഒരു വികാരമാണ്‌ പ്രണയം. ഏദന്‍ തോട്ടത്തില്‍ നിന്നും അവന്‍ അവരെ പുറത്താക്കിയത്‌ പ്രണയിച്ചു പോയി എന്ന കുറ്റത്തിനാണ്‌. പ്രണയ കുറ്റം ചെയ്‌തവരെ വീണ്ടും അതെ കുറ്റം ചെയ്യാന്‍ ഭൂമിയിലേക്ക്‌ പറഞ്ഞു വിട്ട ദൈവം, സ്‌ത്രീയെ ശപിച്ചു, പ്രണയത്തിന്റെ ഉല്‌പന്നമായ സന്താനങ്ങളെ നൊന്തു പ്രസവിക്കട്ടെ എന്ന്‌. പുരുഷനും സ്‌ത്രീയും ചേര്‍ന്നാല്‍ ഉണ്ണി അല്ലാതെ മറ്റൊന്നും പിറക്കില്ല എന്ന വിശ്വാസത്തിലാകണം ദൈവം അങ്ങനെ ചെയ്‌തത്‌. എന്നാല്‍ ഈ ഓണ കാലത്ത്‌ ഇറങ്ങ്‌ങ്ങിയ ബ്ലെസ്സിയുടെ പ്രണയം എന്ന മലയാള ചലച്ചിത്രം ദൈവത്തിന്റെ പോലും ഈ കുരുത്തം കേട്ട വിശ്വാസത്തിനെ മാറ്റി മറിക്കുന്നു. കേവല രതിക്കും അപ്പുറം മറ്റെന്തൊക്കെയോ കൂടിയാണ്‌ പ്രണയമെന്നു എല്ലാവര്‍ക്കുമൊപ്പം ദൈവവും പിന്നെ ഞാനും തിരിച്ചറിയുന്നു. എന്റെ കുപ്പായത്തിന്റെ മൂന്നാമത്തെ കുടുക്കിനു പിന്നിലുള്ള പിടച്ച്‌ചിലിന്റെ പേരാണ്‌ പ്രണയം എന്ന്‌ റഷ്യന്‍ കവി പാടിയതും , പ്രണയ ത്തിലൂടെ ബ്ലെസി പറയാന്‍ ശ്രമിച്ചതും ഒന്ന്‌ തന്നെയാണോ? പുതിയ കാഴ്‌ച വിരുന്നായി പ്രണയം തീയറ്ററുകളില്‍ എത്തുമ്പോള്‍, പ്രണയം എന്ന നിഗൂഡതയുടെ, ഇനിയും വ്യാഖ്യാനിക്ക പെട്ടിട്ടില്ലാത്ത്‌ത ചില പുതിയ തലങ്ങളിലേക്ക്‌ എത്തപെട്ട അനുഭവം അത്‌ പ്രേക്ഷകന്‌ സമ്മാനിക്കുന്നു. സാമ്പ്രദായികവും യാഥാസ്‌ഥിതികവും ആയ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക്‌ ബദല്‍ ആയി പുതിയ പ്രണയ മാതൃക ഇവിടെ ഉടലെടുക്കുന്നു എന്ന്‌ പറഞ്ഞാല്‍ പോലും തെറ്റില്ല. തടസങ്ങളെ തട്ടി തെറിപ്പിച്ചു നേടി എടുക്കാനുള്ളതോ, അല്ലെങ്കില്‍ വിധിയുടെ ക്രൂരതക്കു അടിപ്പെട്ടു മനസ്സില്ലാ മനസോടെ ത്യജിക്കാന്‍ ഉള്ളതോ ആണ്‌ പ്രണയം എന്ന പഴഞ്ചൊല്ലുകള്‍ക്കു പകരമായി, സ്‌നേഹത്തോടെ വിട്ടു കൊടുക്കാവുന്നതും, നിസ്വാര്‍ഥമായി പങ്കു വക്കവുന്നതും ആണ്‌ പ്രണയം എന്ന പുതിയ ചിന്തക്ക്‌ ബ്ലെസ്സിയുടെ ഈ പ്രണയം നാന്ദി കുറിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ