ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011

മാറുന്ന കൗമാര സ്വപ്‌നങള്‍

ഈയടുത്ത്‌ ഒരു മലയാളം ഓണ്‍ലൈന്‍ മാഗസിനില്‍ ഒരു അദ്ധ്യാപകന്‍ എഴുതിയ കുറിപ്പു വായിച്ചു. അദ്ദേഹം മാലിദ്വീപിലെ ഒരു സ്‌കൂളില്‍ അദ്ധ്യാപകനാണ്‌, ഗുരുശിഷ്യ ബന്ധത്തിന്‍റെ പവിത്രത ഹൃദയത്തില്‍ സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ അവിടുത്തെ അനുഭവങ്ങള്‍ മനസ്സു മരവിപ്പിക്കുന്നതായിരുന്നു. കുട്ടികളുടെ അതി തീവ്രമായ പ്രതികരണ ശേഷി കണ്ട്‌ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ഞെട്ടിപ്പോയി. ഇത്‌ ഒരു അദ്ധ്യാപകന്റെ അനുഭവമല്ല. അവിടെയുള്ള എല്ലാ അദ്ധ്യാപകരും ഇതേ അനുഭവം തന്നെ അദ്ദേഹത്തോടു പറയുകയുമുണ്ടായി. മാലിയിലെ കാര്യം അവിടെ നില്‍ക്കട്ടെ, നമ്മുടെ സ്വന്തം നാട്ടിലെ അവസ്‌ഥയെ പറ്റി പറയുക അതിലും കഷ്‌ടമാണ്‌. കഴിഞ്ഞയാഴ്‌ച്ച കോട്ടയത്തെ പ്രശസ്‌തമായ ഒരു സ്‌കൂളില്‍ മാതൃ സംഗമം വിളിച്ചു കൂട്ടി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂള്‍ ആണ്‌, പക്ഷേ പ്ലസ്‌ടു ക്കാരായ പെണ്‍കുട്ടികളുടെ മാതാക്കളെ മാത്രമാണ്‌, അധികൃതര്‍ വിളിച്ചു വരുത്തിയത്‌. തുടര്‍ന്ന്‌ അവര്‍ ഈ അമ്മമാര്‍ക്കു മുന്‍പില്‍ തുറന്നിട്ട കഥകള്‍ ആരേയും നാണിപ്പിക്കും. ആ സ്‌കൂളില്‍ മൊബൈല്‍ ഉപയോഗിക്കാത്ത കുട്ടികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം, പക്ഷേ ഒന്നും സ്‌കൂള്‍ ബാഗ്‌ പരിശോധിച്ചാല്‍ കാണില്ല, ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പു തന്നെ അടുത്ത കടകളില്‍ അത്‌ സുരക്ഷിതമായിരിക്കും. ഒരു കൌതുകത്തിനു മൊബൈല്‍ പരതി നോക്കുന്ന കടക്കാരന്‍ കാണുന്ന ചൂടുള്ള ദൃശ്യങ്ങള്‍ പിന്നീട്‌ അവിടം മുഴുവന്‍ വ്യാപിക്കും. ഇങ്ങനെ ഒരു കേസ്‌ ആയിരുന്നില്ല ആ അദ്ധ്യാപകര്‍ക്ക്‌ പറയാനുണ്ടായിരുന്നത്‌. ഒരു സ്‌കൂളിലെ നല്ലൊരു ശതമാനം പെണ്‍കുട്ടികളുടേയും വീഡിയോ ദൃശ്യങ്ങള്‍ നാട്ടില്‍ പാട്ടായ കഥകള്‍. മറ്റൊരദ്ധ്യാപികയ്‌ക്ക് പറയാനുണ്ടായിരുന്നത്‌ അറപ്പിക്കുന്ന മറ്റൊരു കഥ, സ്‌കൂള്‍ ബാത്‌റൂമില്‍ നിന്ന്‌ വെള്ളം വീഴുന്ന ഒച്ച കേട്ട്‌ , ഏറെ നേരം കഴിഞ്ഞിട്ടും ആരും ഇരങ്ങി വരാതിരുന്നപ്പോള്‍ വാതിലില്‍ മുട്ടിയ ടീച്ചര്‍ അടുത്ത നിമിഷം അമ്പരന്നു പോയി. വാതില്‍ തുറന്ന്‌ ഒരു പെണ്‍കുട്ടി ഇറങ്ങി ഓടി, തൊട്ടു പുറകേ മറ്റൊരു പെണ്‍കുട്ടിയും. മറ്റൊരു കഥ അതിലും വിചിത്രം, സീനിയേഴ്‌സായ കുറച്ച്‌ ആണ്‍കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപലിനെ കാണാനെത്തി, ഒരു പരാതി, രാത്രി പഠിക്കാന്‍ കഴിയുന്നില്ല, ഉറങ്ങാന്‍ കഴിയുന്നില്ല തുടങ്ങിയ പരാതികള്‍ കേട്ട്‌ പ്രിന്‍സിപ്പല്‍ ഞെട്ടി. അവരുടെ മൊബൈലില്‍ വന്ന എസ്‌ എം എസുകള്‍ കൂടി കാണിച്ചു കൊടുത്തിട്ടേ പ്രിന്‍സിപ്പല്‍ സംഭവം വിശ്വസിക്കാന്‍ കൂട്ടാക്കിയുള്ളൂ. എന്താണു നമ്മുടെ കുട്ടികള്‍ക്ക്‌, പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ സംഭവിക്കുന്നത്‌. ആണ്‍കുട്ടികളുമായുള്ള മത്സരത്തില്‍ അവര്‍ സ്വയം നാശത്തിലേയ്‌ക്കുള്ള വഴിയിലൂടെയാണോ നടപ്പ്‌... ചാരിത്ര്യം എന്ന വാക്കിന്‌, ഇന്ന്‌ പണ്ടത്തെ പോലെ വിലയില്ല, പണ്ടൊക്കെ മാനം സംരക്ഷിക്കുന്നതിനു വേണ്ടി ആത്മത്യ ചെയ്യാന്‍ പോലും തയ്യാറയിരുന്ന പെണ്‍കുട്ടികളായിരുന്നു ഇവിടെയുണ്ടായിരുന്നത്‌. ഇന്ന്‌ പ്രായപൂര്‍ത്തിയെത്തും മുന്‍പേ ഇന്റര്‍നെറ്റു വഴിയും മൊബൈല്‍ വഴിയും ബ്ലൂ ഫിലിംസും ഹോട്ട്‌ ക്ലിപ്പിങ്ങ്‌സും കണ്ട്‌ അതിലെ ധീര കൃത്യങ്ങള്‍ അനുകരിക്കാനുള്ള തത്രപ്പാടിലാണ്‌, കൌമാരം. പണ്ട്‌ കോളേജില്‍ ഗ്രാജ്വേഷനു ചേര്‍ന്ന ദിവസങ്ങളില്‍ സര്‍ ചോദിച്ച ഒരു ചോദ്യമുണ്ട്‌, നിങ്ങളില്‍ പ്രണയിക്കാത്തവര്‍ കൈ ഉയര്‍ത്തുക. നാല്‍പ്പതു പേരോളം ഉണ്ടായിരുന്ന ക്ലാസ്സില്‍ കൈ ഉയര്‍ത്തിയത്‌ നാലോ അഞ്ചോ പേര്‍. അന്ന്‌ ആദ്ധ്യാപകന്‍ പറഞ്ഞു തന്നു, കൗമാര പ്രായത്തിലെ ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമാണ്‌, ഇത്തരം ചിന്തകളുണ്ടാക്കുന്നത്‌, ഇത്‌ തോന്നേണ്ട ഒരു കാര്യം തന്നെ ഒരുപക്ഷേ തോന്നാത്തവരുണ്ടെങ്കില്‍ മാനസികമായ വളര്‍ച്ചയെത്തിയിട്ടില്ലെന്നേ പറയാന്‍ കഴിയൂ. ശരിയാണ്‌, എതിര്‍ ലിംഗത്തില്‍ പെട്ടവരോട്‌ ആകര്‍ഷണം തോന്നുക ഇനി ഏതു പ്രായത്തിലാണെങ്കിലും സ്വാഭാവികം. പക്ഷേ അതിര്‍ത്തി നിശ്‌ചയിച്ചു കൊണ്ടുള്ള ആണ്‍പെണ്‍ സൌഹൃദങ്ങള്‍ എന്നും ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കും. പരസ്‌പരാകര്‍ഷണം തോന്നിയാലും മനസ്സിനെ പാകപ്പെടുത്തി, അതിനുള്ളില്‍ നിന്ന്‌ ചിന്തിക്കാനുള്ള ആര്‍ജ്‌ജവം കുട്ടികള്‍ക്ക്‌ ഉണ്ടാകേണ്ടതാണ്‌. പക്ഷേ ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും അമിത ഉപയോഗം അതും ഒരു പ്രത്യേക പ്രായത്തില്‍ അവരുടെ മാനസിക അവസ്‌ഥയെ എരിയിച്ചു കളയാന്‍ പര്യാപ്‌തമാണ്‌. ബാങ്കില്‍ നിന്നും മറ്റും ലോണെടുത്ത്‌ , അല്ലെങ്കില്‍ ഭൂമി വിറ്റ്‌ കുട്ടികളെ ബാംഗ്ലൂരും, കോയമ്പത്തൂരും ഒക്കെ മാതാപിതാക്കള്‍ വിട്ടു പഠിപ്പിക്കുന്നത്‌ നാളെ അവര്‍ക്ക്‌ ഒരു താങ്ങായില്ലെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കുമെന്ന്‌ കരുതി തന്നെയാകും. പട്ടണത്തിന്റെ ബഹളമില്ലാത്ത , നാട്ടിന്‍പുറത്തെ ഒരു സ്‌കൂളിന്റെ അവസ്‌ഥ ഇതാണെങ്കില്‍ മാതാപിതാക്കളുടെ കരുതലില്ലതെ അകലെ പോയി പഠിക്കുന്ന കുട്ടികളുടെ അവസ്‌ഥയെന്താകും, പോക്കറ്റ്‌ മണി ഉണ്ടാക്കാനായി ആവശ്യകാര്‍ക്കു വേണ്ടി ദിവസങ്ങളോളം ഹോട്ടല്‍ മുറികളില്‍ അടച്ചിടപ്പെടുന്ന പെണ്‍കുട്ടികളുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിട്ട്‌ അധികകാലമായില്ല. ഒരു സിറ്റിസണ്‍ ജേര്‍ണലിസ്‌റ്റിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലായിരുന്നു അത്‌. വീട്ടിലിരുന്ന്‌ മകളെ ഓര്‍ത്ത്‌ ദിവസങ്ങള്‍ തള്ളി നീക്കുന്ന മാതാപിതാക്കള്‍ അറിയുന്നുണ്ടോ ഈ സംഭവങ്ങള്‍. ഇതൊക്കെയാണെന്നു കരുതി, നൂറു ശതമാനം കുട്ടികളും അങ്ങനെയാണെന്ന വിശ്വാസത്തിലല്ല കേട്ടോ ഇതെഴുതുന്നത്‌. പക്ഷേ നമ്മളറിയാതെ നല്ലൊരു ശതമാനം കുട്ടികളും ഇത്തരം കുഴികളില്‍ ചെന്ന്‌ വീഴുന്നുണ്ട്‌. ഒടുവില്‍ ചതിയില്‍പ്പെട്ടെന്ന്‌ അറിയുന്നത്‌ തന്‍റെ സുഹൃത്തുമായുള്ള വീഡിയോ നെറ്റിലൂടെയും മൊബൈലിലൂടെയും പ്രചരിക്കുമ്പോഴാകും. കഴിഞ്ഞ വര്‍ഷങ്ങളിലാണ്‌, പ്ലസ്‌ടു വിനു പഠിക്കുന്ന മൂന്നു പെണ്‍കുട്ടികള്‍ ഒരുമിച്ച്‌ ആത്മഹത്യ ചെയ്‌തത്‌, സുഹൃത്തുക്കളായ സഹപാഠികള്‍ ഉപദ്രവിച്ചു എനായിരുന്നു അവരുടെ കത്തുകളില്‍ ഉണ്ടായിരുന്നത്‌. ഇനിയും ചതിയറിയാതെ എത്രയോ പേര്‍. ഇതിലൊക്കെ നമുക്ക്‌ ചെയ്യാനായി ഒന്നേയുള്ളൂ, കുട്ടികളെ തല്ലിയതു കൊണ്ടോ, ശാസിച്ചതു കൊണ്ടോ, അവരുടെ ശൌര്യം കൂടുമെന്നലാതെ കുറയില്ല, പകരം ഒരല്‍പ്പ സമയം അവര്‍ക്കു വേണ്ടി മാറ്റി വച്ചാല്‍, സന്തോഷ പ്രദമായ ഒരു കുടുംബ ജീവിതം അവര്‍ക്കു മുന്നില്‍ കാണിച്ചു കൊടുത്താല്‍, കൌമാര പ്രായക്കാര്‍ മാതാപിതാക്കളുടെ സുഹൃത്തുക്കള്‍ ആയിരിക്കും. ഒപ്പം മൊബൈല്‍ ഉപയോഗിക്കാനുള്ള പ്രായം ആയിട്ടു വാങ്ങി കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌, പിന്നെ നെറ്റ്‌ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കുട്ടികളുടെ മുറികളില്‍ വയ്‌ക്കാതെ സ്വീകരണ മുറികളില്‍ തന്നെ വയ്‌ക്കുക. ഇതിനൊക്കെ അപ്പുറം ഞാനുണ്ട്‌ എന്ന ഒരു കരുതലും. സ്‌കൂളിന്റെ കാര്യം പറഞ്ഞാണല്ലോ തുടങ്ങിയത്‌, അന്ന്‌ ആ മാതൃയോഗം കഴിഞ്ഞിറങ്ങിയ അമ്മമാരെ പറ്റി ഒന്ന്‌ ഓര്‍ത്തു നോക്കൂ, വളരുന്ന തന്‍റെ മകളെ പറ്റി ഓര്‍ത്തുള്ള ആവലാതിയാവും അവരുടെ മുഖത്ത്‌. ഒരുപക്ഷേ കുട്ടികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ്‌, ആ സ്‌കൂള്‍ അധികൃതര്‍ ഇത്തരമൊരു മീറ്റിങ്ങ്‌ വിളിച്ചു കൂട്ടാന്‍ നിര്‍ബന്ധിതരായത്‌, പക്ഷേ അതിനു പോലും ശ്രമികാതെ കുട്ടികളെ അവരുടെ വഴിയ്‌ക്ക് വിടുന്ന സ്‌കൂളുകളെ എന്തു വിളിയ്‌ക്കണം, സംസ്‌കാര പഠന സ്‌ഥാപനങ്ങളായിരുന്ന പഠന ശാലകള്‍ ഇന്ന്‌ ദുഷിച്ചിരിക്കുന്നു. അല്ലെങ്കിലും ജീവിതമല്ലല്ലോ നമ്മുടെ ക്ലാസ്സ്‌ റൂമുകളിലെ പഠന വിഷയം, അതുമായ ഒരു ബന്ധവുമില്ലാത്ത തിയറികള്‍ അല്ലേ. ജീവിതത്തിലെ നല്ലതും ചീത്തയും, എങ്ങനെ ജീവിക്കാം എന്നൊക്കെയുള്ള പ്രായോഗിക പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്ന പാഠശാലകളായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്നെങ്കിലും മാറുമോ.... എല്ലാം പ്രതീക്ഷകള്‍ മാത്രം.

3 അഭിപ്രായങ്ങൾ:

  1. മാറുന്നു കാലം ...നാറുന്നു കൌമാരം ..ലേഖനം ഏറെ പ്രസക്തം.

    മറുപടിഇല്ലാതാക്കൂ
  2. നമ്മുടെ മാധ്യമങ്ങളും ഇന്റര്‍നെറ്റും വീടിനകവും പുറവും മലിനമാക്കി.
    പണ്ട് സന്ധ്യാനേരത്ത് കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും കേട്ടിരുന്നെങ്കില്‍ ഇന്നത്‌ സിനിമ-സീരിയല്‍കണ്ണീരു കൊണ്ട് നനഞ്ഞിരിക്കുന്നു!
    ഭരണകര്‍ത്താക്കളോ കോടതികളോ സനാതനമൂല്യങ്ങള്‍ പഠിപ്പിക്കുന്നില്ല.അവര്‍ ചെയ്യുന്നത് കുറ്റം ചെയ്യുന്നവരെ പിടിച്ചു പേരിനു ശിക്ഷിക്കുന്നു. അതിനു വളം വച്ച് കൊടുക്കുന്നു.
    മൂല്യങ്ങള്‍ നല്‍കേണ്ടത് വീട്ടില്‍ നിന്നും പാഠശാലയില്‍ നിന്നുമാണ്. അത് നഷ്ടപ്പടുന്നത് വേദനോടെ നാം കണ്ടു നില്‍ക്കുക ......

    മറുപടിഇല്ലാതാക്കൂ