ചൊവ്വാഴ്ച, നവംബർ 08, 2011

ഈ മാധ്യമങ്ങളെന്താണ്‌, ഇങ്ങനെ?



ഈയടുത്ത്‌ നടന്ന ഞങ്ങള്‍ കുറച്ച്‌ സുഹൃത്തുക്കളുടെ മീറ്റിങ്ങില്‍ ഉയര്‍ന്നുവന്ന വളരെ വേദന നിറഞ്ഞ ഒരു ചോദ്യമായിരുന്നു നമ്മുടെ മാധ്യമങ്ങളെന്താ ഇങ്ങനെ എന്ന്‌. ചോദ്യം ഉന്നയിക്കപ്പെടാന്‍ കാരണമുണ്ട്‌. എല്ലാവരും പത്രം വായിക്കുന്നവര്‍, വാര്‍ത്താ ചാനലുകള്‍ മാറി മാറി കാണുന്നവര്‍, പക്ഷേ സമൂഹത്തെ ഒന്നിളക്കി മറിക്കാന്‍ പോകുന്ന ഒരു വാര്‍ത്തയും ഇവിടെ സൃഷ്‌ടിക്കപ്പെടുന്നില്ല, പകരം ഉണ്ടാകുന്നതോ, ഇവിടെ നടക്കുന്ന അക്രമരാഷ്‌ട്രീയത്തെ കുറിച്ചും ബലാത്സംഗത്തെക്കുറിച്ചും നിലവാരത്തകര്‍ച്ചയെക്കുറിച്ചും. പത്രം വായിക്കാനേ തോന്നാറില്ല എന്ന്‌ പലരും അഭിപ്രായപ്പെടുന്നത്‌ കേള്‍ക്കാം.എന്താണ്‌, നമ്മുടെ മീഡിയയ്‌ക്ക് സംഭവിച്ചത്‌? മാധ്യമങ്ങളെ കുറിച്ച്‌ ജസ്‌റ്റിസ്‌ മാര്‍ക്കണ്ടേയ ഖഡ്‌ജു പറഞ്ഞ അഭിപ്രായത്തെ നമുക്കിതിനോടു ചേര്‍ത്തു വായിക്കാം. 'ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരിക്കലും ജനങ്ങളുടെ ഹിതം അനുസരിച്ചല്ല എഴുതുന്നത്‌, ചിലപ്പോള്‍ ചിലത്‌ മനുഷ്യര്‍ക്ക്‌ എതിരായി പറയുകയും ചെയ്യുന്നു' എന്ന്‌ അദ്ദേഹം മാധ്യമങ്ങള്‍ക്കു നേരെ മുഖമടച്ച്‌ ആക്ഷേപിക്കുന്നു. വ്യത്യസ്‌തമായ അഭിപ്രായവും അദ്ദേഹത്തിനില്ല എന്നില്ല, സമൂഹത്തിനുതകുന്ന രീതിയില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന പലരും ഇല്ലെന്നു പറഞ്ഞു കൂട, പക്ഷേ അവര്‍ അപൂര്‍വ്വമാണെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഒരു കാര്യവും ആഴത്തില്‍ പഠിക്കാതെയാണ്‌, മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളെ സമീപിക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക വ്യവസ്‌ഥിതിയിലെ നാലു നെടും തൂണുകളില്‍ അവസാനത്തേതായാണ്‌, മാധ്യമങ്ങളെപ്പറ്റി പറയുന്നത്‌.മറ്റു മൂന്നു തൂണുകളുടേയും നിലനില്‍പ്പ്‌ ഒരു പരിധി വരെ ഈ നാലാം വിഭാഗത്തിനെ ആശ്രയിച്ചു തന്നെയാണു താനും. രാഷ്‌്രടീയത്തിലും സിനിമയിലും സാഹിത്യത്തിലും മതത്തിലുമൊക്കെ വ്യക്‌തമായ സ്വാധീനം ചെലുത്താന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തെളിഞ്ഞതാണ്‌. പക്ഷേ ഇന്നത്തെ കാലത്ത്‌ കാതലായ ഒരു മാറ്റത്തിന്റെ ശക്‌തിയാകാന്‍ കാലത്തിന്റെ സാക്ഷി എന്നു വിളിക്കപ്പെടുന്ന ഈ മാധ്യമങ്ങള്‍ക്കുണ്ടോ? ഇന്ന്‌ ഒരു പത്രത്തിന്റെ മുന്‍പേജിലെ വാര്‍ത്ത എന്താണ്‌,അല്ലെങ്കില്‍ വാര്‍ത്താ ചാനലുകളുടെ പ്രധാന വാര്‍ത്ത എന്താണ്‌? അക്രമ രാഷ്ര്‌ടീയത്തേയും പീഡനക്കാരേയും കുറിച്ചുള്ള വാര്‍ത്തകള്‍ തന്നെയല്ലേ? പട്ടിണി മൂലം കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്‍ അകത്തെ മൂലയിലെവിടെയോ വിശ്രമിയ്‌ക്കുകയും ചെയ്യുന്നു.

നമ്മുടെ നാട്ടില്‍ ഒട്ടേറെ മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്‌, ഗ്രാമങ്ങളിലല്ല, മറിച്ച്‌ പട്ടണങ്ങളില്‍ പോലും ഒരു ലാഭേശ്‌ചയുമില്ലാതെ ഭാവി തലമുറയ്‌ക്കു വേണ്ടിയുളള വിപ്ലവങ്ങള്‍ നടക്കുന്നുണ്ട്‌, പക്ഷേ സംഘടനകളെ രാഷ്ര്‌ടീയവത്‌കരിക്കാത്ത വളരെ ചെറിയൊരു കൂട്ടമായതു കൊണ്ടാണോ ഇത്തരം മുന്നേറ്റങ്ങള്‍ പത്രക്കാരുടെ ശ്രദ്ധയില്‍ പെടാത്തത്‌, അഥവാ പെട്ടാല്‍ തന്നെ പ്രാദേശിക പേജില്‍ രണ്ടു വരിയില്‍ ഒതുങ്ങുകയും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശോചനീയ സ്‌ഥിതിയില്‍ പ്രതിഷേധിച്ച്‌ മാറ്റങ്ങള്‍ ഉണ്ടാക്കനുള്ള നിരവധി ശ്രമങ്ങള്‍ ഇവിടെ നടന്നു, ഇപ്പോഴും നടക്കുന്നു, പക്ഷേ ഒരു പത്രത്തിലും ചാനലിലും ഇത്തരം വാര്‍ത്തകള്‍ക്ക്‌ പ്രാധാന്യം കൊടുത്തു കണ്ടില്ല.(എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഒരു സ്വകാര്യ ചാനല്‍ കാണിച്ച പ്രതിബന്ധത അനുസ്‌മരിക്കുന്നു)

ഒരു പത്രപ്രവര്‍ത്തക സുഹൃത്ത്‌ വളരെ വിഷമത്തോടു കൂടി പറഞ്ഞ ന്യായീകരണം ഇതായിരുന്നു,

ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്തു ചെയ്യാനാ, വായനക്കാര്‍ക്ക്‌ എപ്പൊഴും വാര്‍ത്തകള്‍ ഹോട്ട്‌ ആന്‍ഡ്‌ സ്‌പൈസി ആവണം അവന്‌, മുല്ലപ്പെരിയാര്‍ തകര്‍ന്നാലും പ്രശ്‌നമില്ല, ഗോവിന്ദച്ചാമിയെ ശിക്ഷിച്ചില്ലെങ്കിലും ഒന്നുമില്ല( സൂര്യനെല്ലിക്കേസിലെ പ്രതികളെ വെറുതെ വിട്ടത്‌ അനുസ്‌മരണീയം), പക്ഷേ നിയമ സഭയിലെ അടി കാണണം, പറ്റുമെങ്കില്‍ ദിവസവും ഒരു സ്‌ത്രീപീഡനവും. ഇത്‌ ഒരു തലവിധിയാണ്‌, നമ്മുടെ മാധ്യമങ്ങളെ ഇത്തരമൊരു നിലവാരത്തകര്‍ച്ചയിലേയ്‌ക്കു കൊണ്ടു പോകുന്നത്‌, അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്‌, അക്രമങ്ങളേയും മറ്റും പ്രോത്സാഹിപ്പിക്കുന്നത്‌ വായനക്കാര്‍ തന്നെയല്ലേ...

കുറച്ചു നാള്‍ മുന്‍പ്‌ തുടര്‍ച്ചയായി ഹര്‍ത്താല്‍ നടന്നിരുന്ന സമയത്ത്‌ അതിനെതിരെ ഒരു ഹര്‍ജി കൊടുക്കാന്‍ കുറച്ച്‌ കൂട്ടുകാര്‍ തീരുമാനിക്കുന്നു, ഒരു സ്വകാര്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പോസ്‌റ്റിട്ടു, താല്‍പ്പര്യമുള്ളവര്‍ അഭിപ്രായം അറിയിക്കുക, വന്ന നിര്‍ദ്ദേശങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ വളരെ വ്യക്‌തമായ മുഖമായിരുന്നു.ഏതാണ്ട്‌, തൊണ്ണൂറു ശതമാനം ആള്‍ക്കാരും ഹര്‍ത്താല്‍ വേണം എന്ന ആവശ്യമുള്ളവര്‍, ഇടയ്‌ക്ക് വീണു കിട്ടുന്ന അവധി ഒഴിവാക്കാന്‍ പറ്റില്ല എന്നു പറഞ്ഞവര്‍, തലേന്നു തന്നെ ബിവറേജസില്‍ പോയി 'സാധനം' വാങ്ങണം എന്നു പറഞ്ഞവര്‍, എന്തായാലും ഹര്‍ജി അവിടെ ഉപേക്ഷിച്ചു.

അപ്പോള്‍ മാറേണ്ടത്‌ മാധ്യമങ്ങളോ അതോ വായനക്കാരുടെ കാഴ്‌ച്ചപ്പാടുകളോ,?

പക്ഷേ ഒരു പരിധിവരെ ഈ കാഴ്‌ച്ചപ്പാടുകളെ മാറ്റിയെടുക്കാന്‍ വളരെ ശക്‌തിയുള്ള വാക്കുകള്‍ക്ക്‌ കഴിയും എന്ന്‌ പണ്ടേ തെളിഞ്ഞിട്ടുള്ളതാണ്‌. വിപ്ലവങ്ങള്‍ പലതും ഉണ്ടായതും അങ്ങനെയാണല്ലോ. നമ്മുടെ വായനാ സംസ്‌കാരം ഒരു പോസിറ്റീവ്‌ രീതിയിലേയ്‌ക്ക് കൊണ്ടു വരേണ്ടതുണ്ട്‌. ഏതോ ഒരു പ്രധാന സംഭവം നടന്ന ദിവസം, അവിടുത്തെ ഒരു കര്‍ഷകന്‍ ലഭിച്ച നേട്ടത്തെ പ്രധാന വാര്‍ത്തയാക്കിയ പത്ര ധൈര്യത്തെ കുറിച്ച്‌ കേട്ടിട്ടുണ്ട്‌, സംഭവം ഓര്‍മ്മയിലില്ല. പക്ഷേ ഇത്തരം ഉദാഹരണങ്ങള്‍ നമുക്ക്‌ മുന്നിലുണ്ടെന്ന്‌ ഈ വാര്‍ത്ത തെളിയിക്കുന്നു. അപ്പോള്‍ നമുക്കും എന്തു കൊണ്ട്‌ ഈ വഴിയില്‍ മുന്നോട്ട്‌ നടന്ന്‌ നോക്കിക്കൂട... ഒപ്പം വായനക്കാരന്റെ കാഴ്‌ച്ചപ്പാടുകളും മാറണം. എങ്കിലേ ഇനിയിവിടെ നന്‍മ വിതയ്‌ക്കാന്‍ കഴിയൂ, വിതച്ചതല്ലേ കൊയ്യാന്‍ കഴിയൂ...

1 അഭിപ്രായം:

  1. ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നോ ,,അതാണ്‌ മാധ്യമങ്ങള്‍ കൊടുക്കുന്നത്... ഇന്ന് എല്ലാം ബിസിനെസ്സ് ആണല്ലോ.. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് പ്രവര്തിക്കുന്നവര്‍ക്കെ അതില്‍ വിജയിക്കാന്‍ പറ്റുകയുള്ളൂ..

    ചിന്തിക്കേണ്ട വിഷയം...

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ