ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

നമ്മുടെ സ്വന്തം പക്ഷികള്‍പ്രപഞ്ചവും പ്രപഞ്ചത്തിലെ വസ്തുവകകളും മനുഷ്യനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് എന്ന വാദം ആധുനികകാലത്തും മാറാതെ നില്‍ക്കുന്നതിന് തെളിവാണ്  പ്രകൃതിയോട് ആധുനിക മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ . എന്നാല്‍ സമസ്ത ചരാചരങ്ങള്‍ക്കും അവകാശപ്പെട്ടതാണ് പ്രകൃതിയിലെ ഓരോ വസ്തുകളും എന്ന് നമ്മെ കാലാകാലങ്ങളില്‍ ഓര്‍മ്മി്പ്പിക്കുന്ന പ്രവാചകതുല്യരായവരുടെ പ്രവര്‍ത്തനമാണ് ആധുനിക ഉപഭോഗസംസ്‌കാരത്തിലും ജീവജാലങ്ങളുടെയും പ്രകൃതിയുടെയും നാശത്തിന് തടസ്സമായി നില്‍ക്കുന്നത്. ഇതരജീവജാലങ്ങളുടെ സഹായമില്ലാതെ തനിക്ക് നിലനില്‍പ്പില്ലെന്ന് ആദിമമനുഷ്യന്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ക്രൂരജന്തുക്കളെപ്പോലും ഇണക്കി അവയെ അരുമകളുടെ ലോകത്തിലേക്ക് അവയെ പ്രതിഷ്ഠിക്കാന്‍ ഇടയാക്കിയത്. പിന്നീട് അത് അവയെക്കുറിച്ചുള്ള പഠനത്തിലൂടെ മനുഷ്യന്‍ തന്നെക്കുറിച്ചുപം പ്രപഞ്ചത്തെക്കുറിച്ചും അറിയാന്‍ ശ്രമിച്ചു. ഇന്ത്യയില്‍ ഇത്തരത്തില്‍ പ്രവാചകതുല്യമായ പ്രവര്‍ത്തനത്തിലൂടെ ജീവജാലത്തെ അറിയാന്‍ ശ്രമിച്ച മഹാനാണ് പ്രശസ്തപക്ഷിനിരീക്ഷകനായ ഡോ. സലീം അലി.
ഈ മഹാന്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അനന്തര തലമുറയക്ക് എത്രമാത്രം പ്രചോദനകരമായിരുന്നു എന്നു തെളിയിക്കാന്‍ പോന്നതാണ് അടുത്തകാലത്ത് പുറത്തിറങ്ങിയ‘Birds of Kerala- Status and distribution’. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പക്ഷിനിരീക്ഷകരുടെ അശ്രാന്തനിരീണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് അന്തര്‍ദേശീയ നിലവാരത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം. പക്ഷിനിരീക്ഷകരും ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവരുമായ  സി സതീഷ്‌കുമാര്‍ , പ്രവീണ്‍ ജെ, മുഹമ്മദ്ജാഫര്‍ പാലോട്ട്, പി ഒ നമീര്‍ എന്നിവര്‍ രചിച്ച ഗ്രന്ഥത്തിന് ബോംബേ നാച്ചുറല്‍ ഹിസ്റ്ററി ഡയറക്ടറായ ആസാദ് റഹ്മാനിയുടെ പ്രൗഢമായ അവതാരിക ആധികാരികതയ്ക്കുള്ള അഗീകാരംതന്നെയാണ്.
ഡോ. സലിം അലി തയ്യാറാക്കിയ ‘കേരളത്തിലെ പക്ഷികള്‍ ‘ ( 1969 ) എന്ന ഗ്രന്ഥത്തിന് 1984 ലും 1993-99ലും ഉണ്ടായ പുനപ്രസിദ്ധീകരണങ്ങളുടെ ചുവടുപിടിച്ചാണ് ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിനെ പക്ഷിആവാസമേഖലകളെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളിച്ച് നടത്തിയ നിരീക്ഷണങ്ങളുടെ ഫലമായി 453 പക്ഷിവിഭാഗങ്ങളെ കുറിച്ചുള്ള പഠനമായി ഈ ഗ്രന്ഥം മാറുന്നു. ഗ്രന്ഥത്തിന്റെ ആദ്യ ഭാഗത്ത് കേരളപക്ഷിനിരീക്ഷണ ചരിത്രവും കേരളത്തില്‍ പ്രവര്‍ത്തിച്ച പ്രമുഖരായ പക്ഷിനിരീക്ഷകരുടെ ചരിത്രവും വിശദമായി നല്‍കിയിരിക്കുന്നു.തുടര്‍ന്ന് കേരളത്തിലെ പ്രകൃതിക്കും കാലാവസ്ഥക്കും ഉണ്ടായ മാറ്റവും പഠനവിധേയമാക്കിയതിനു ശേഷം പ്രമുഖ പക്ഷിവര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള വിവരണവും നല്‍യിരിക്കുന്നത് കേരളത്തെക്കുറിച്ചുള്ള അറിവു തന്നെയായി മാറുന്നുണ്ട്. വര്‍ഗ്ഗവും ആവാസകേന്ദ്രവും തിരിച്ച് പക്ഷികളുടെ വിവരണം നല്‍കിയിരിക്കുന്നത് ഓരോ മേഖലയിലെ പക്ഷികളെക്കുറിച്ചറിയാന്‍ ഏറെ സഹായകരമാകുന്നു. പറക്കും കത്രിക, തവിടന്‍ കത്രിക, വലിയ വാലുകുലുക്കി, മഞ്ഞ വാലുകുലുക്കി എന്നിങ്ങനെ നാടന്‍ പേരുകളും സാമ്യങ്ങളും നല്‍കിയുള്ള വിവരണം പക്ഷിനിരീക്ഷകരല്ലാത്തവര്‍ക്കു പോലും ഈ മേഖലയില്‍ താത്പര്യം ജനിപ്പിക്കാന്‍ പര്യാപ്തമാണ്. സ്വഭാവം, ആവാസ സ്വഭാവം, ഉത്പാദനം, വര്‍ദ്ധനവ്, മാറ്റങ്ങള്‍ എന്ന രീതിയിലാണ് ഓരോ പക്ഷികളെയും സമഗ്രമായി അവതരിപ്പിച്ചിട്ടുള്ളത്.
    പക്ഷിനിരീണത്തോടൊപ്പം ഫോട്ടോഗ്രാഫിയിലും അതീവനിപുണത പ്രകടിപ്പിക്കുന്ന ഗ്രന്ഥകര്‍ത്താക്കള്‍ എടുത്തിരിക്കുന്ന പക്ഷികളുടെ ചിത്രങ്ങള്‍ അതീവ സൂക്ഷ്മതയോടെയും ഗുണനിലവാരത്തോടെയും അച്ചടിച്ചിരിക്കുന്നു. അതിനു ലഭിച്ച അംഗീകാരമാണ് ഫെഡറേഷന്‍ ഓഫ്് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് മികച്ച നിര്‍മ്മാണ മികവിന് നല്‍കിയ പുരസ്‌കാരം. പക്ഷിനിരീക്ഷകര്‍ക്കു മാത്രമല്ല ജന്തുശാശാസ്ത്രപഠനം നടത്തുന്നവര്‍ , അധ്യാപകര്‍ , വിദ്യാര്‍ഥികള്‍ തുടങ്ങി ജന്തുശാസ്ത്രമേഖലയില്‍ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും ആധികാരികരേഖയും ഉത്തമമാതൃകയും ആക്കാവുന്ന ഈ ഗ്രന്ഥത്തിന്റെ രചയിതാക്കള്‍ മലയാളികള്‍ ആണെന്നത് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനത്തിന് വകനല്‍കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ