ചൊവ്വാഴ്ച, ഡിസംബർ 06, 2011

ഡിസംബര്‍ 6 നമ്മെ ഓര്‍മ്മിപ്പിക്കേണ്ടത്.




1992 ഡിസംബര്‍ 6.. മതേതരത്വത്തിന്റെ മാതൃകാരാജ്യമായ ഇന്ത്യയുടെ ശിരസ്സ് ലേകരാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ കുനിഞ്ഞുപോയ ദിവസം. അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് ഒരു മുസ്ലീം ദേവാലയം എന്നതിലുപരി മഹാത്മാഗാന്ധി രൂപപ്പെടുത്താന്‍ ശ്രമിച്ച സാംസ്‌കാരിക സമന്വയത്തിലെ ഒരു പ്രതീകമായിരുന്നു. ഗാന്ധിക്ക് ഹിന്ദുവും മുസല്‍മാനും തന്റെ കണ്ണുകളായിരുന്നു. മസ്ദിജ് തകര്‍ക്കപ്പെട്ടതോടെ ഇല്ലാതായത് ഒരു സാംസ്‌കാരിക സമന്വയമാണ്. ഹിന്ദു വര്‍ഗ്ഗീയവാദികളില്‍ മാത്രം ഇതിന്റെ പാപഭാരം കെട്ടി വയ്ക്കുന്നതില്‍ അര്‍ഥമില്ല. അവരുടെ കൈകളില്‍ മാത്രമല്ല, മസ്ജിദിന്റെ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയുമായിരുന്ന കോണ്‍ഗ്രസ്സിന്റെ കൈയ്യിലും അതിനെതിരെ പ്രതിരോധം തീര്‍ക്കുവാന്‍ കഴിയുമായിരുന്ന ഇടതുപക്ഷത്തിന്റെ കൈയ്യിലും ചോരയുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ അജയ്യതയുടെ പേരിലോ, വ്യാജമായ ദേശസ്‌നേഹത്തിന്റെ പേരിലോ ആയുധവ്യാപാരങ്ങളെയും യുദ്ധങ്ങളെയും ന്യായീകരിക്കുന്നതിലും ഈ ചോര പരക്കുന്നുണ്ട്.
ആയോദ്ധ്യയിലെ തര്‍ക്കഭൂമി മൂന്നായി ഭാഗിച്ചതുകൊണ്ടുള്ള കോടതിവിധി ഒന്നിനും പരിഹാരമാകുന്നില്ല. ആയോദ്ധ്യാതര്‍ക്കഭൂമിയുടെ ആത്യന്തികമായ വിധി ഭാരതത്തിലെ ഓരോ പൗരന്‍മാരുടെയും ഹൃദയത്തിലാണ് നടക്കേണ്ടത്. അതിനുള്ള സാഹചര്യം സൃഷ്ടിക്കുവാന്‍ ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാവുന്നില്ല എന്നത് ഒരു ദുഃഖസത്യമാണ്. ഇന്ത്യന്‍ ജനാധിപത്യം മതവുമായി അത്രയേറെ കെട്ടുപിണഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങള്‍ നീറിപ്പുകയേണ്ടത് അധികാരരാഷ്ട്രീയത്തിന്റെ ആവശ്യവുമാകുന്നു. ലോകത്തിന്റെ സംഘര്‍ഷമേഖലകളിലെല്ലാംതന്നെ മതം കേന്ദ്ര സ്ഥാനത്തുണ്ട്. മതങ്ങള്‍ പ്രബലപ്പെടുകയാണ്.
നമ്മുടെ പൊതുജീവിതത്തില്‍ മതനിരപേക്ഷതയുടെയും മതത്തിന്‍െയും സ്ഥാനം രേഖപ്പെടുത്തുക അതീവ ദുഷ്‌ക്കരമാണ്. 1970കള്‍വരെ കാര്യങ്ങള്‍ ലളിതമായിരുന്നു. ഇന്ന് കാര്യങ്ങള്‍ അതീവ സങ്കീര്‍ണ്ണമാണ്. ജനാധിപത്യവാദിക്ക് മതം ഉപയോഗിക്കാന്‍ ഇന്ന് മുഖംമൂടിയുടെ ആവശ്യമില്ല. വര്‍ഗ്ഗീയവാദിക്ക് ജനാധിപത്യത്തെ ഉപയോഗിക്കാനും മുഖംമൂടി വേണ്ട. ഒരുകാര്യം വളരെ പ്രസക്തമാണ്. പടിഞ്ഞാറന്‍ ദേശീയതയുടെ ചട്ടക്കൂടിലൊതുങ്ങുന്നതല്ല ഇന്ത്യന്‍ മതബോധം. നമ്മുടെ മതേതരബോധത്തെ ഇന്ത്യന്‍ മതബോധത്തിനു ചേരുന്ന രീതിയില്‍ ഇനിയും രൂപപ്പെടുന്നതില്‍ നാം പരാജയപ്പെടുകയാണെങ്കില്‍ നമ്മുടെ ജനാധിപത്യബോധത്തിന്റെ അടിത്തറ ഇളകും. ഗുജറാത്തിലെ വര്‍ഗ്ഗീയകലാപവും, ഏറ്റവും ഉയര്‍ന്ന സാംസ്‌കാരിക ബോധമുള്ള കേരളത്തില്‍നടന്ന കൈവെട്ടുസംഭവവും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു സമൂഹം, ഒരു രാഷ്ട്രം വര്‍ഗ്ഗീയ ശക്തികളിലേക്ക് പതിക്കുകയെന്നാല്‍ ജനാധിപത്യമൂല്യങ്ങള്‍ കൈയ്യൊഴിയുക എന്നാണര്‍ഥം.
മതങ്ങളെ വായിച്ചെടുക്കുന്ന രീതിയിലാണ് നമുക്ക് പിഴവു പറ്റുന്നത്. മതങ്ങളുടെ സംഘടിതമായ ഒന്നിനോടും നമുക്ക് സത്മ്യപ്പെടാനാവില്ല. എന്നാല്‍ അവയുടെ സഹജാവസ്ഥകളില്‍ അവ അനീതിയോടും അസമത്വത്തോടും മറ്റെല്ലാ തിന്‍മകളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത കലഹങ്ങളായിരുന്നു. ബുദ്ധനും, രാമനും, പ്രവാചകനും, ക്രിസ്തുവും, കബീറും, രാമകൃഷ്ണപരമഹംസരും അത്തരത്തിലുള്ള മനുഷ്യരായിരുന്നു. ‘നീ നിന്റെ വിളക്കാകുക’ എന്നു ഗൗതമബുദ്ധന്‍ പ്രാര്‍ഥിക്കുന്നിടത്ത് ഇത് പൂര്‍ത്തീകരണം തേടുന്നു. ‘തത്വമസി’യും ‘ദൈവം നിന്റെ വിളക്കാകുന്നു’ എന്നഖുറാന്‍ വചനവും ‘സ്വര്‍ഗ്ഗരാജ്യം നിന്നില്‍ത്തന്നെയാകുന്നു’എന്ന ബൈബില്‍ വചനവും ചേരുന്നത് ഒരേയൊരു സത്യത്തിലാണ്.
ഒരു ദൈവവും മനുഷ്യനു പുറത്തല്ല. ദൈവവും ചൈതന്യവും മനുഷ്യന്റെ ഉള്ളില്‍ത്തന്നെയാണ്. ഈ തിരിച്ചറിവും വിനയവും ഇത് അറിയാനും നിലനിര്‍ത്താനുമുള്ള നിരന്തരമായ പ്രാര്‍ഥനയുമാണ് മതമറിയുന്നവന്റെ സത്യാഗ്രഹം. മതങ്ങളുടെ ആന്തരീകോര്‍ജ്ജമാണ് അവയുടെ ധാര്‍മ്മികത. നമ്മുടെ ജനാധിപത്യമൂല്യങ്ങളില്‍നിന്നുളവാകുന്ന ധാര്‍മ്മികതയും ഈ ധാര്‍മ്മികതയും തമ്മില്‍ നിരന്തരമായ സംവാദം ആവശ്യപ്പെടുന്നുണ്ട്. ഇവിടെ ഒന്നിനെത്തള്ളി മറ്റൊന്നിനെ നാം സ്വീകരിക്കുകയാണെങ്കില്‍, നമുക്ക് നഷ്ടപ്പെടുവാന്‍ ഒരുപാടുണ്ടാകും. രണ്ടും ഒരേ ചൈതന്യത്തിന്റെ ഭാഗങ്ങളാണെന്ന അറിവിനെ ദീപ്തമാക്കുക, നിരന്തരം അതിനെ ഉറപ്പിക്കുക എന്നതാണ് ഈ കടുത്ത പ്രതിസന്ധിയില്‍ ഒരു ജനാധിപത്യവാദിക്കും മതവിശ്വാസിക്കും ചെയ്യാനുള്ളത്. ഇത്തരം ധാര്‍മ്മികമായ വിപ്ലവമാണ് ഇന്ത്യയുടെ പൊതുബോധത്തില്‍ സംഭവിക്കേണ്ടത്.
എല്ലാത്തരം വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംവാദങ്ങള്‍ ഇന്ന് സാധ്യമാകുന്നില്ല.ജനാധിപത്യവിശ്വാസി സംസാരിക്കുന്നത് അയാളുടെ അനുയായിയോടാണ്. മതവിശ്വാസി അതേ മതത്തിന്റെ വിശ്വസിയോട് ഈ സമവാക്യങ്ങള്‍ തകരണമെങ്കില്‍ ജനാധിപത്യത്തിന്റെയും മതത്തിന്റെയും ധാര്‍മ്മികതയില്‍നിന്നുകൊണ്ട്, എല്ലാത്തരം തീവ്രവാദികളെയും അഭിസംബോധന ചെയ്യാന്‍ നമുക്കാവണം. ജനാധിപത്യത്തിന്റെയും മതത്തിന്റെ ആന്തരീകോര്‍ജ്ജത്തിന്റെയും ധാര്‍മ്മികമായ സംവാദതലമാണിത്. ആരുമായും നമുക്ക് വിയോജിക്കാം; എന്നാല്‍ അയാളുമായുള്ള സംവാദത്തിന്റെ പാലം കത്തിച്ചുകളയരുത്. ‘ഇന്ത്യ: അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ടുവരെ’ എന്ന പുസ്തകത്തില്‍ ശശിതരൂര്‍ എഴുതിയ വാക്യങ്ങള്‍ ശ്രദ്ധേയമാണ്. ‘പൂക്കളെക്കാള്‍ അധികം മുള്ളുകള്‍ നിറഞ്ഞ മരം പോലെയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ. നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും മുറിവുകളുടെ നീറ്റലുകള്‍ യാഥ്ാര്‍ഥ്യമാണ്. മുള്ളുകള്‍ മുറിച്ചുമാറ്റി പൂക്കളെ കണ്ടെുകൊണ്ടും അംഗീകരിച്ചുമുള്ള യാത്രയാണ് ഭാവിയിലേക്കു വേണ്ടത്’.

1 അഭിപ്രായം:

  1. പ്രിയപ്പെട്ട രാജീവ് താങ്കള്‍ പറഞ്ഞതിനോട് യോജി ക്കുന്നു ഒരു കാര്യത്തില്‍ ഒഴികെ
    മസ്ജിദു തകര്‍ക്കപെട്ടത്തില്‍ ഹിന്ദു(?) വര്‍ഗീയ വാദികള്‍ ക്കും കൊണ്ഗ്രെസ്സിനും അതില്‍ തുല്യ പങ്കാണെന്ന് അംഗീകരിക്കുന്നു പക്ഷെ ഇടതു പക്ഷ പാര്‍ട്ടികള്‍ അത്രതന്നെ അജയ്യ മല്ലാത്ത ഒരു നാട്ടില്‍ ഇവര്‍ക്കിതില്‍ എന്ത് ചെയ്യാന്‍ കഴിയും

    മറുപടിഇല്ലാതാക്കൂ