തിങ്കളാഴ്‌ച, ജൂൺ 27, 2011

പെണ്‍മക്കളുടെ മാംസം തിന്നാന്‍ മനുഷ്യക്കഴുകന്‍മാര്‍‍
ലോഹിതദാസിന്റെ തൂലികയില്‍ വിരിഞ്ഞ 'കിരീടം' എന്ന സിനിമയിലെ സേതുമാധവനെ ഓര്‍മയില്ലേ? മലയാളസിനിമയിലെ ഏറ്റവും പ്രശസ്‌തനായ ദുരന്തകഥാപാത്രം. സ്വപ്‌നം കണ്ട ജോലിയും പ്രണയിനിയും സ്വന്തം ജീവിതംതന്നെയും കണ്‍മുന്നിലൂടെ ഒലിച്ചുപോയ സേതുമാധവന്റെ ദുരന്തം പൂര്‍ണമാകുന്നതു സിനിമയുടെ രണ്ടാംഭാഗമായ 'ചെങ്കോലി'ലെ ഒരു രംഗത്തിലാണ്‌. സ്വപ്‌നങ്ങളെല്ലാം തകര്‍ന്ന്‌, ജീവിതം തള്ളിനീക്കാന്‍ നാടകക്കാരിയായ മകള്‍ക്കു കൂട്ടുപോകുന്ന അച്‌ഛന്‍. മകളുടെ ഹോട്ടല്‍ മുറിക്കു വെളിയില്‍ മദ്യത്തില്‍ അഭയം തേടി 'കാവല്‍' നില്‍ക്കുന്ന അയാള്‍ക്കുനേരേ ക്രോധത്തിന്റെ ആള്‍രൂപമായെത്തുന്ന സേതുമാധവന്‍ കാണുന്നത്‌ ഒരുമുഴം കയറില്‍ എല്ലാം അവസാനിപ്പിച്ച അച്‌ഛനെ.

ഇതൊരു സിനിമാക്കഥ മാത്രമായിരുന്നു. എന്നാല്‍ ഇന്നോ? വന്യമായ ഭാവനയില്‍പ്പോലും നമുക്കു സങ്കല്‍പ്പിക്കാനാവാത്ത, ക്രൂരയാഥാര്‍ഥ്യങ്ങളാണു മാധ്യമങ്ങളിലൂടെ അനുദിനം പുറത്തുവരുന്നത്‌. മകളെ പീഡിപ്പിക്കുന്ന അച്‌ഛന്‍, മകളെ മറ്റുള്ളവര്‍ക്കു കാഴ്‌ചവയ്‌ക്കുന്ന നരാധമന്‍, മദ്യലഹരിയില്‍ വൃദ്ധമാതാവിനെ പീഡിപ്പിക്കാന്‍ കൂട്ടുകാരനു കൂട്ടുനില്‍ക്കുന്ന മകന്‍, പീഡനക്കേസില്‍ ഒരേ ജയിലില്‍ അടയ്‌ക്കപ്പെടുന്ന അച്‌ഛനും മകനും... ഇതു 'മൃഗചോദന'കളുടെ നാടോ? വിധിയുടെ ചുഴിയില്‍പ്പെട്ട്‌, അറിയാതെ മാതാവിനെ വരിച്ച 'ഈഡിപ്പസി'നെപ്പോലെ സ്വയം കണ്ണു കുത്തിപ്പൊട്ടിച്ചുവോ കേരളവും. രക്‌തബന്ധം പോലും മറന്നുള്ള കാമഭ്രാന്തുകള്‍ നിത്യവാര്‍ത്തകളാകുന്നു. സമാനസംഭവങ്ങളിലെല്ലാം മദ്യം പ്രധാന പ്രതിയാണ്‌. അതിനേക്കാള്‍ പ്രധാനമാണ്‌ ഉറ്റവരാല്‍ കശക്കിയെറിയപ്പെട്ട പെണ്‍കുട്ടികളുടെ അരക്ഷിത കുടുംബപശ്‌ചാത്തലം. ചിറകിനടിയിലൊതുക്കി സംരക്ഷിക്കേണ്ടവര്‍തന്നെ കൊത്തിപ്പറിക്കുന്ന ബാല്യകൗമാരങ്ങള്‍. ദാരിദ്ര്യവും കുടുംബത്തിലെ താളപ്പിഴകളും അഗമ്യഗമനങ്ങളുമൊക്കെ ഇത്തരം കേള്‍ക്കരുതാത്ത വാര്‍ത്തകള്‍ക്കു പിന്നിലുണ്ട്‌.

അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ പറവൂരിലെ പെണ്‍കുട്ടിയെ പിതാവ്‌ ആദ്യം മാനഭംഗപ്പെടുത്തിയശേഷം പലര്‍ക്കായി കാഴ്‌ചവയ്‌ക്കുകയായിരുന്നു. സൈക്കിളില്‍ ചീര വിറ്റുനടന്നിരുന്ന പിതാവ്‌ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളെ എത്തിക്കുന്ന ഇടപാട്‌ തുടങ്ങിയതോടെയാണു സ്വന്തം മകളെയും മോശം ചുറ്റുപാടുകളിലേക്കു വലിച്ചിഴച്ചത്‌.

വന്‍ ബിസിനസുകാര്‍ മുതല്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കുവരെ. ആദ്യമൊന്നും അറിയില്ലായിരുന്നെങ്കിലും പിന്നീട്‌ ഈ കച്ചവടത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനും മനസറിവുണ്ടായിരുന്നെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അനാശാസ്യത്തിനു വിസമ്മതിച്ചപ്പോള്‍ അനിയനെ തലകീഴായി പിതാവ്‌ കെട്ടിത്തൂക്കിയെന്നാണു പെണ്‍കുട്ടിയുടെ മൊഴി. പഠിക്കാത്തതിനാണ്‌ അങ്ങനെ ചെയ്യുന്നതെന്നാണ്‌ അമ്മയോടു പറഞ്ഞത്‌. 'നീ സമ്മതിച്ചില്ലെങ്കില്‍ ഇവനെ ഞാന്‍ കൊല്ലും'- ഈ ഭീഷണിക്കു മുന്നില്‍ അവള്‍ക്കു ഗത്യന്തരമുണ്ടായില്ല. പെണ്‍കുട്ടിയുടെ കദനകഥ കേട്ടു ക്രൈംബ്രാഞ്ച്‌ സംഘം തരിച്ചിരുന്നു.

പേരക്കുട്ടിയുടെ പ്രായംപോലുമില്ലാത്ത മകളെ അറുപത്തിയഞ്ചുകാരന്‍ ഉള്‍പ്പെടെ തൊണ്ണൂറോളം പേര്‍ക്കാണു പിതാവ്‌ കാഴ്‌ചവച്ചത്‌. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ അച്‌ഛന്‍ സുധീര്‍ തന്നെ ആദ്യം ബലാത്സംഗം ചെയ്‌തതെന്നു പെണ്‍കുട്ടി വെളിപ്പെടുത്തി. സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണി.

പിന്നീട്‌, സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാനെന്നു പറഞ്ഞ്‌ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോയി. ഫ്‌ളാറ്റുകളിലോ ഹോട്ടല്‍ മുറികളിലോ ആക്കിയശേഷം അയാള്‍ മുങ്ങും. കൊച്ചിയിലെ പഞ്ചനക്ഷത്രഹോട്ടലിലാണ്‌ സുധീര്‍ അറുപത്തിയഞ്ചുകാരനായ ഉത്തരേന്ത്യന്‍ ബിസിനസുകാരനു മകളെ കാഴ്‌ചവച്ചത്‌. കേസില്‍ കഴിഞ്ഞദിവസം അറസ്‌റ്റിലായ തമിഴ്‌നാട്‌ സ്വദേശിയായ കരാറുകാരനു തന്റെ 'ഇര'യുടെ അതേ പ്രായത്തിലുള്ള മകളുണ്ടത്രേ. തമിഴ്‌നാട്‌ പോലീസ്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ സി.ഐയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന റോഡ്‌ കരാറുകാരന്‍ മണികണ്‌ഠനാണു സി.ഐയെ പ്രീതിപ്പെടുത്താന്‍ കുട്ടിയെ കാഴ്‌ചവച്ചത്‌. 40,000 രൂപയ്‌ക്ക് പിതാവ്‌ സുധീറും ഇടനിലക്കാരന്‍ ജോഷിയും ചേര്‍ന്നാണു കുട്ടിയെ മണികണ്‌ഠനു കൈമാറിയത്‌.

വൈപ്പിനില്‍ 17 തികയാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും കുടുംബപശ്‌ചാത്തലമാണു വില്ലന്‍. മദ്യപാനിയായ അച്‌ഛന്‍, ഹോംനഴ്‌സായ അമ്മ. വീട്ടുകാര്‍ ശ്രദ്ധിക്കാത്ത സാഹചര്യം പെണ്‍കുട്ടിയെ പ്രണയം നടിച്ചു പ്രലോഭിപ്പിച്ചവര്‍ക്ക്‌ അനുകൂലമായി. വിവാഹവാഗ്‌ദാനം നടത്തിയ യുവാവ്‌ പിന്മാറുമെന്നറിഞ്ഞതോടെ പെണ്‍കുട്ടി തന്നെ ഉപദ്രവിച്ചവര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഉപദ്രവിച്ച ആറുപേരുടെയും പേര്‌ പോലീസിനോടു പറഞ്ഞ പെണ്‍കുട്ടി സ്വന്തം പിതാവിന്റെ ചെയ്‌തികളെയും ചോദ്യംചെയ്‌തിട്ടുണ്ട്‌. എന്നാല്‍, പിതാവില്‍നിന്നു ശാരീരികപീഡനം ഉണ്ടായതായി പെണ്‍കുട്ടി പരാതിപ്പെട്ടിട്ടില്ല. 2008 മുതല്‍ കാമുകനുമായി പെണ്‍കുട്ടിക്കു രഹസ്യബന്ധമുണ്ടായിരുന്നു. വീട്ടുകാര്‍ അറിഞ്ഞതോടെ ഇരുവരുടെയും കല്യാണം നടത്താന്‍ തീരുമാനിച്ചതാണ്‌.

അതിനിടെ കാമുകനെ അറിയുന്ന മറ്റു പ്രതികള്‍ പെണ്‍കുട്ടിയുമായി തങ്ങള്‍ ബന്ധപ്പെട്ട വിവരം അറിയിച്ചു. ഇതറിഞ്ഞ്‌ കാമുകന്‍ കഴിഞ്ഞദിവസം നാടുവിട്ടതോടെയാണു പെണ്‍കുട്ടി പോലീസ്‌ സ്‌റ്റേഷനിലെത്തി പീഡനകഥ പറഞ്ഞത്‌. എറണാകുളം ജില്ലയിലെ വാഴക്കുളത്തിനടുത്തു മടക്കത്താനത്ത്‌ പന്ത്രണ്ടുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ മാതാവിന്റെ പരാതിയേത്തുടര്‍ന്നാണു കുട്ടിയുടെ അച്‌ഛന്‍ അറസ്‌റ്റിലായത്‌.

ഇയാളുടെ ശല്യംമൂലം മാതാവ്‌ പെണ്‍കുട്ടിയെ പാലായിലുള്ള ഒരു സ്‌കൂള്‍ ബോര്‍ഡിംഗിലാക്കിയിരുന്നു. എന്നാല്‍ അവധിക്കു കുട്ടി വീട്ടിലെത്തിയപ്പോള്‍ പീഡനം തുടര്‍ന്നു. തൊടുപുഴയില്‍ ഒരു വസ്‌ത്രവ്യാപാര സ്‌ഥാപനത്തില്‍ മാതാവു ജോലിക്കു പോയിരുന്ന സമയത്താണ്‌ ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും ഉപദ്രവിച്ചത്‌. സഹികെട്ട്‌ മാതാവ്‌ പരാതിപ്പെട്ടതിനേത്തുടര്‍ന്ന്‌ അറസ്‌റ്റിലായ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്‌. പൈനാപ്പിള്‍ തൊഴിലാളിയായ പ്രതി മൂന്നുവര്‍ഷമായി കുട്ടിയെ ഉപദ്രവിച്ചിരുന്നത്രേ. കഴിഞ്ഞദിവസം പാലക്കാട്‌ ചിറ്റൂര്‍ തത്തമംഗലത്ത്‌ എട്ടാംക്ലാസ്‌ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും പിതാവുതന്നെ പ്രതി. സ്‌കൂളിലെത്തിയ കുട്ടി അസ്വസ്‌ഥത പ്രകടിപ്പിച്ചതിനേത്തുടര്‍ന്ന്‌ അധ്യാപകര്‍ വിവരം തിരക്കിയപ്പോഴാണു പീഡനവിവരം പുറത്തായത്‌.

പെണ്‍കുട്ടിയുടെ അച്‌ഛനെ ചിറ്റൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഹോംനഴ്‌സായ അമ്മ ജോലിക്കു പോയ സമയത്തായിരുന്നു മദ്യപിച്ചെത്തിയ പിതാവിന്റെ പീഡനം. ഈ സമയം വീട്ടില്‍ പെണ്‍കുട്ടിയെ കൂടാതെ സഹോദരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പീഡനക്കേസില്‍ സ്വന്തം മകനൊപ്പം ഒരേ തടവറയില്‍ കഴിയേണ്ടിവന്ന പിതാവ്‌ ജയിലില്‍ ജീവനൊടുക്കിയതും അടുത്തിടെ. മദ്യലഹരിയില്‍ ചെയ്‌ത തെറ്റില്‍ നീറി കണ്ണൂര്‍ സ്‌പെഷല്‍ സബ്‌ ജയിലിലെ ബാത്‌റൂമിലാണു നാല്‍പത്തിയെട്ടുകാരനായ മോഹനന്‍ തൂങ്ങിമരിച്ചത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വന്തം മകനൊപ്പം റിമാന്‍ഡില്‍ കഴിയേണ്ടിവന്ന മോഹനന്‍ കടുത്ത മദ്യപാനിയായിരുന്നു.

ഇതേ കേസില്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുന്ന ഇളയമകന്‍ മഹേഷും ലഹരിക്കടിമയായിരുന്നത്രേ. ഭാര്യ മരിച്ചശേഷം രണ്ടു മക്കള്‍ക്കൊപ്പമായിരുന്നു കുറുമാത്തൂരിലെ വീട്ടില്‍ മോഹനന്റെ താമസം. ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന ഇവരെ ബന്ധുക്കള്‍പോലും അധികം സന്ദര്‍ശിച്ചിരുന്നില്ല. ആശാരിപ്പണിയെടുത്താണ്‌ ഇവര്‍ കഴിഞ്ഞിരുന്നത്‌. മോഹനനും മഹേഷും ഒന്നിച്ചാണു പണിക്കു പോയിരുന്നത്‌. കഴിഞ്ഞ മേയ്‌ 29-നാണ്‌ പിതാവും മകനും മകന്റെ സുഹൃത്തും ചേര്‍ന്ന്‌ അപസ്‌മാരരോഗിയും ബന്ധുവുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത്‌. ചെങ്ങളായി മണക്കാട്ട്‌ സ്വദേശിനിയായ പെണ്‍കുട്ടിയാണു പീഡിപ്പിക്കപ്പെട്ടത്‌. പെണ്‍കുട്ടിക്കു രണ്ടു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിതാവ്‌ ബാബു പുനര്‍വിവാഹിതനായതോടെ പെണ്‍കുട്ടി മിനിയുടെ പിതാവ്‌ വിശ്വനാഥന്റെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ മേയ്‌ ഏഴിനായിരുന്നു സംഭവം.

വിശ്വനാഥന്‍ ജോലിക്കും ഭാര്യ സരസ്വതി തളിപ്പറമ്പിലേക്കും പോയതോടെ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായി. ഈ സമയം വീട്ടിലെത്തിയ മോഹനനാണ്‌ ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌. വിശ്വനാഥന്റെ സഹോദരി പരേതയായ ഉഷയുടെ ഭര്‍ത്താവാണ്‌ ഇയാള്‍. പീഡനവിവരം ആരോടും പറയരുതെന്നു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടാണു മോഹനന്‍ പോയത്‌. തുടര്‍ന്നെത്തിയ മോഹനന്റെ മകന്‍ മഹേഷും (22) മഹേഷിന്റെ സുഹൃത്ത്‌ ജോയി(35)യും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

പീഡനത്തേത്തുടര്‍ന്ന്‌ അപസ്‌മാരബാധിതയായി വീണ പെണ്‍കുട്ടിയുടെ തലയ്‌ക്കു പരുക്കേറ്റു. എന്നാല്‍ ഭയം കാരണം പെണ്‍കുട്ടി ആരോടും വിവരം പറഞ്ഞില്ല. വേദന രൂക്ഷമായതോടെ മേയ്‌ 25-ന്‌ പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനയില്‍ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഡോക്‌ടര്‍ വിവരം ആരാഞ്ഞപ്പോഴാണു പെണ്‍കുട്ടി പീഡനകാര്യം പറഞ്ഞത്‌. ഡോക്‌ടര്‍ ഇക്കാര്യം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണു പരാതിപ്പെട്ടതും പ്രതികള്‍ അറസ്‌റ്റിലായതും. പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്‌തു കണ്ണൂര്‍ സ്‌പെഷല്‍ സബ്‌ ജയിലിലേക്കയച്ചു. കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെയാണു മോഹനന്‍ ജയിലിലെ ബാത്‌റൂമില്‍ തൂങ്ങിമരിച്ചത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ